---
title: "കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് ആരോപണം; ഷിജിലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സഹോദരന്റെ പരാതി"
english_title: "Kannur Medical College Shijil Death Brother Complaint Investigation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393275/kannur-shijil-death-brother-complaint-medical-negligence"
published_at: "2026-11-26T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07da7a63c16_1001022595.jpg"
keywords: ["Kannur Medical College", "Shijil Death", "Medical Negligence", "DMO Kannur", "Health Minister"]
---

# കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് ആരോപണം; ഷിജിലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സഹോദരന്റെ പരാതി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് മൂലം സഹോദരൻ മരിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. കണ്ണൂർ കുറ്റിക്കകം കൊടുവള്ളി ഹൗസിൽ കെ. ഷിഗിനാണ് പരാതി നൽകിയത്.

## Article Content

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് മൂലം സഹോദരൻ മരിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. കണ്ണൂർ കുറ്റിക്കകം കൊടുവള്ളി ഹൗസിൽ കെ. ഷിഗിനാണ് പരാതി നൽകിയത്.

കിഴുന്നപ്പാറ സ്വദേശി ഷിജിൽ (31) ആണ് മരിച്ചത്. കണ്ണിലെ ഞരമ്പിൽ നീർക്കെട്ടിനുള്ള ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. ചികിത്സ കാലതാമസമാണ് ആരോഗ്യനില വഷളാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് ബന്ധുക്കൾ പരാതി നൽകി.

പരാതിയിൽ പറയുന്നത് ഇങ്ങനെ: മൂത്ത സഹോദരൻ ഷിജിൽ (31) കണ്ണിലെ ഞരമ്പിൽ നീർക്കെട്ട് കണ്ടെത്തിയതിനെ തുടർന്ന് നവംബർ ആറാം തിയതി പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് കൊച്ചിയിലുള്ള അമൃത ആശുപത്രിയിലേക്ക് അയച്ചുകൊടുത്തിരുന്നു. കൊച്ചിയിൽ നടത്തിയ പരിശോധനയിൽ മോഗാഡ് (MOGAD) ടെസ്റ്റ് പോസിറ്റീവാണെന്ന് തുടർന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തുടർന്ന് ഡോക്ടർ 6 ഇൻജെക്ഷൻ നിർദേശിച്ചിരുന്നു. അഞ്ച് ഇഞ്ചക്ഷൻ കൊടുത്തിട്ടും രോഗാവസ്ഥയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ പ്ലാസ്മ എക്സ്ചേഞ്ച് (Plex) ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

പ്ലാസ്മ എക്സ്ചേഞ്ച് ചെയ്യാൻ അനാവശ്യമായ കാലതാമസം ഉണ്ടായി. പ്ലാസ്മ എക്സ്ചേഞ്ച് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർച്ചയായ ദിവസങ്ങളിൽ കടുത്ത പനിയും ചുമയും ഉണ്ടാകുകയും, കഫത്തിൽ ബ്ലഡ് കാണുകയും, ഇക്കാര്യം അറിയിച്ചിട്ടും കൺസൾട്ടിങ് ഡോക്ടറുടെ സന്ദർശനം ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. ഡോക്ടർമാരെ വിവരങ്ങൾ അറിയിച്ചിട്ടും ശ്രദ്ധിക്കാത്തതിനാൽ രോഗിയുടെ അവസ്ഥ വഷളായെന്നും പരാതിയിൽ പറയുന്നു.

നവംബർ 24ന് ഷിജിലിന് ബോധം പൂർണ്ണമായും നഷ്ടമായതിനെ തുടർന്ന് മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയത്. തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റി. രക്തത്തിന്റെ പിഎച്ച് (pH) മൂല്യം കുറഞ്ഞതിനെ തുടർന്ന് രോഗാവസ്ഥ വഷളായെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് പിന്നീട് അറിയിച്ചത്. കൃത്യസമയത്ത് പ്ലാസ്മ എക്സ്ചേഞ്ച് അടക്കമുള്ള ചികിത്സ ലഭ്യമാക്കാത്തതാണ് സഹോദരന്റെ മരണം സംഭവിക്കാൻ കാരണമെന്ന് പരാതിയിൽ പറയുന്നു.

പ്ലാസ്മ എക്സ്ചേഞ്ച് നിർദേശിച്ചിട്ടും അത് ചെയ്യാൻ കാലതാമസം വരുത്തിയതും, ആരോഗ്യനില വഷളായിട്ടുപോലും കൃത്യമായ ചികിത്സയോ പരിശോധനയോ നൽകാത്തതും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും കുടുംബം ആരോപിക്കുന്നു.

ഈ കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി കൈക്കൊള്ളണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ പകർപ്പ് ആരോഗ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393275/kannur-shijil-death-brother-complaint-medical-negligence)