---
title: "മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയവർക്ക് വൻ തുക പിഴ"
english_title: "Sreekandapuram Enforcement Squad Inspection Waste Management Fine 18500"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393319/sreekandapuram-enforcement-squad-waste-fine-18500"
published_at: "2026-11-26T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b082575eeafc_1001023329.jpg"
keywords: ["Sreekandapuram", "Enforcement Squad", "Waste Management", "Fine", "Kannur"]
---

# മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയവർക്ക് വൻ തുക പിഴ

> **Lead Summary:** **ശ്രീകണ്ഠാപുരം: **മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി പരിധിയിൽ നടത്തിയ പരിശോധനയിൽ കർശന നടപടി. 'ജില്ലാ ക്ലീൻ സ്വീപ്പ്' ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ രണ്ട് ക്വാർട്ടേഴ്‌സുകൾക്കും ഒരു വ്യാപാര സ്ഥാപനത്തിനുമെതിരെ ആകെ 18,500 രൂപ പിഴ ചുമത്തി. ചേപ്പറമ്പ് പ്രദേശത്തായിരുന്നു പരിശോധന നടത്തിയത്.

## Article Content

**ശ്രീകണ്ഠാപുരം: **മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി പരിധിയിൽ നടത്തിയ പരിശോധനയിൽ കർശന നടപടി. 'ജില്ലാ ക്ലീൻ സ്വീപ്പ്' ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ രണ്ട് ക്വാർട്ടേഴ്‌സുകൾക്കും ഒരു വ്യാപാര സ്ഥാപനത്തിനുമെതിരെ ആകെ 18,500 രൂപ പിഴ ചുമത്തി. ചേപ്പറമ്പ് പ്രദേശത്തായിരുന്നു പരിശോധന നടത്തിയത്.

ബിനോയ്, നിഷ എന്നിവരുടെ കൂട്ടായ ഉടമസ്ഥതയിലുള്ള അതിഥിതൊഴിലാളി ക്വാർട്ടേഴ്‌സ് പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിൽ വലിച്ചെറിയുകയും കൂട്ടിയിടുകയും മലിനജലം തുറസ്സായി ഒഴുക്കുന്നതായും കണ്ടെത്തിയതിനെ തുടർന്ന് 15,000 രൂപ പിഴ ചുമത്തി. പിഴയ്ക്ക് പുറമെ ഇവിടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്താനും നിർദ്ദേശിച്ചു. പ്രസാദിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സ് പരിസരത്ത് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടതിന് 2,500 രൂപ പിഴ ചുമത്തി.

'ജ്യൂസ് കോർണർ' എന്ന സ്ഥാപനത്തിൽ ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ടതിന് 1,000 രൂപ പിഴയും ചുമത്തി. തുടർ നടപടികൾ സ്വീകരിക്കുവാൻ നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, അംഗങ്ങളായ ജിഷ്ണുരാജ്, ദിബിൽ, മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ അർച്ചന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393319/sreekandapuram-enforcement-squad-waste-fine-18500)