---
title: "ഏഴിമലയിൽ ചരിത്ര നിമിഷം; 427 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു"
english_title: "Ezhimala Naval Academy Passing Out Parade 427 Cadets President Murmu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393629/ezhimala-naval-academy-passing-out-parade-427-cadets-president-murmu"
published_at: "2026-11-28T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0af7aed7c76_1001027753.jpg"
keywords: ["Ezhimala", "Indian Naval Academy", "Passing Out Parade", "Droupadi Murmu", "Pazhayangadi"]
---

# ഏഴിമലയിൽ ചരിത്ര നിമിഷം; 427 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു

> **Lead Summary:** *പഴയങ്ങാടി:* ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിക്ക് ഇത് ചരിത്ര നിമിഷം. പാസിംഗ് ഔട്ട് പരേഡിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഏഴിമല നാവിക അക്കാദമിയിൽ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. രാഷ്ട്രപതിയെ ഔദ്യോഗിക ചടങ്ങുകളോടെ നാവിക ഉദ്യോഗസ്ഥ സംഘം പരേഡ് ഗ്രൗണ്ടിലേക്ക് വരവേറ്റു.

## Article Content

*പഴയങ്ങാടി:* ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിക്ക് ഇത് ചരിത്ര നിമിഷം. പാസിംഗ് ഔട്ട് പരേഡിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഏഴിമല നാവിക അക്കാദമിയിൽ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. രാഷ്ട്രപതിയെ ഔദ്യോഗിക ചടങ്ങുകളോടെ നാവിക ഉദ്യോഗസ്ഥ സംഘം പരേഡ് ഗ്രൗണ്ടിലേക്ക് വരവേറ്റു.

പുതുതായി പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ടിനായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, ചുമതലയുള്ള ഇതര വിഭാഗം ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് മാത്രമായിരുന്നു ഏഴിമല അക്കാദമിയിലേക്ക് പ്രവേശനം. പുറമെ നിന്നുള്ളവർക്ക് ചടങ്ങ് വീക്ഷിക്കുന്നതിനായി തത്സമയ സംപ്രേഷണവും നാവിക സേന ഒരുക്കിയിരുന്നു.

ഏഴിമലയിൽ ചിട്ടയായും ശാസ്ത്രീയവുമായ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 427 കേഡറ്റുകളാണ് രാജ്യത്തിന്റെ അഭിമാനമായി ദേശസുരക്ഷയുടെ ഭാഗമായത്. 69 വനിതാ കേഡറ്റുകളും ഇതിലുൾപ്പെടുന്നു.

ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, സൗഹൃദ വിദേശ രാജ്യങ്ങളുടെ സമുദ്ര സേനകൾ എന്നിവയുടെ കമ്മീഷൻഡ് ഓഫീസർമാരായാണ് ഇവരെല്ലാം രാജ്യസേവനത്തിലേക്ക് കടക്കുന്നത്. കൃത്യതയാർന്ന ചുവടുകളും അതുല്യമായ അഭിമാനബോധവും ദേശസ്നേഹത്തിന്റെ ആവേശവും അലയടിച്ച പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി ദ്രൗപതി മുർമു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

 അന്തർദേശീയ പരിശീലനം; കരുത്ത് തെളിയിച്ച് ഏഴിമല

രാജ്യത്തിന്റെ വിശാലമായ സമുദ്ര അതിർത്തികളും തന്ത്രപ്രധാനമായ സമുദ്രസുരക്ഷാ താൽപര്യങ്ങളും സംരക്ഷിക്കുമെന്ന കർത്തവ്യബോധത്തോടെയാണ് സേനാംഗങ്ങൾ പരേഡിൽ അണിനിരന്നത്. ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഓഫീസർമാർക്കൊപ്പം 9 വിദേശ രാജ്യങ്ങളിലെ 18 കേഡറ്റുകളും പരിശീലനം പൂർത്തിയാക്കിയിരുന്നു.

കെനിയ, ബംഗ്ലാദേശ്, സീഷെൽസ്, ടാൻസാനിയ, മ്യാൻമർ, മലാവി, മാലിദ്വീപ്, ടിമോർ-ലെസ്റ്റെ, ഒമാൻ എന്നീ സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനികരും പാസിംഗ് ഔട്ട് പരേഡിന്റെ ഭാഗമായി ഏഴിമലയിൽ അണിനിരന്നു. അന്താരാഷ്ട്ര സമുദ്ര സഹകരണ ബന്ധങ്ങൾ ശക്തമായി നിലനിർത്തുന്നതിലും ആഗോള സമുദ്ര മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ ഏഴിമല ഊട്ടിയുറപ്പിക്കുന്നത്.

ഷിപ്പിംഗ് ഓഫ് സ്ട്രൈപ്സ്; സൈനികർക്കൊരു പൊൻതൂവൽ

പാസിംഗ് ഔട്ട് പരേഡിനു ശേഷം ഷിപ്പിംഗ് ഓഫ് സ്ട്രൈപ്സ് ചടങ്ങ് നടന്നു. മാതാപിതാക്കളുടെയും പരിശീലകരുടെയും സാന്നിധ്യത്തിൽ കേഡറ്റുകളുടെ തോളിൽ കമ്മീഷൻഡ് ഓഫീസറുടെ റാങ്ക് ഔദ്യോഗികമായി അണിയിക്കുന്ന ചടങ്ങ് വികാരനിർഭരമായിരുന്നു. ഇതോടെ ട്രെയിനി എന്ന പദവിയിൽ നിന്ന് ഔദ്യോഗികമായി ഇന്ത്യൻ സായുധ സേനയിലെ പൂർണ്ണ ചുമതലയുള്ള സൈനിക ഓഫീസർമാരായി മാറി.

പ്രതിരോധ സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ വിദേശ സൈനിക അറ്റാഷെമാർ, കേഡറ്റുകളുടെ മാതാപിതാക്കൾ, ഐ.എൻ.എയിലെ പരിശീലകർ തുടങ്ങിയവർ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. പരിശീലന കാലയളവിൽ കായികം, അക്കാദമിക്സ്, ലീഡർഷിപ്പ് തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്കുള്ള മെഡലുകളും ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393629/ezhimala-naval-academy-passing-out-parade-427-cadets-president-murmu)