തളിപ്പറമ്പ്: കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാരും കാണികളും ഒരുപോലെ ഉറ്റുനോക്കിയത് ഒരു 9 വയസ്സുകാരനെ ആയിരുന്നു. തളിപ്പറമ്പ് കുപ്പം സ്വദേശി ഇമ്രാൻ സമദാണ് പിയാനോയിൽ ദേശീയ ഗാനം വായിച്ച് ടൂർണമെന്റിൽ ശ്രദ്ധാകേന്ദ്രമായത്. ശാസ്ത്രീയ പരിശീലനം നേടാതെയാണ് ഈ കുഞ്ഞുതാരം പിയാനോയിൽ വിസ്മയം തീർക്കുന്നത്.

കുഞ്ഞായിരിക്കുമ്പോൾ ഉപ്പ വാങ്ങി നൽകിയ കീബോർഡിൽ തുടങ്ങിയ കൗതുകമാണ് ഇമ്രാനെ ഇന്ന്ഇത്രയും വലിയ ജനക്കൂട്ടത്തിൽ എത്തിച്ചത്. പിതാവ് സമദ് പരിശീലിക്കാനായി വാങ്ങിയ കീബോർഡിൽ ആയിരുന്നു പിന്നീട് ഇമ്രാന്റെ സ്വയം ഉള്ള പരിശീലനം. ഗൂഗിളിന്റെ സഹായത്തോടെ സ്വന്തമായി ഓരോ ടൂണും കണ്ടുപിടിച്ച് ദേശീയ ഗാനത്തിലും മികവ് നേടിയിരിക്കുകയാണ് ഈ കൊച്ചു പയ്യൻ.
കഴിഞ്ഞ മാസം നടന്ന കുപ്പം പ്രീമിയർ ലീഗിലാണ് ഇമ്രാൻ ആദ്യമായി ഇത്തരമൊരു അവതരണം നടത്തിയത്. അന്ന് മകന് പിഴവ് പറ്റുമോയെന്ന സംശയം പിതാവിന് ഉണ്ടായിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ താൻ നല്ല രീതിയിൽ ചെയ്തോളാം എന്ന് പറഞ്ഞ് സ്വന്തം താൽപ്പര്യത്തിന് ഇറങ്ങുകയായിരുന്നു ഇമ്രാൻ. അന്നത്തെ അവന്റെ പെർഫോമൻസ് കണ്ടാണ് ഇന്നലെ കരീബിയൻസ് ഫുട്ബോൾ ടൂർണമെന്റിലേക്ക് ഇമ്രാനെ ക്ഷണിച്ചതെന്ന് പിതാവ് സമദ് തളിപ്പറമ്പ് വാർത്തയോട് പറഞ്ഞു.
കുപ്പം മുക്കുന്നിൽ റിസ്വാൻ മനസിലിൽ ഫസീലയുടെയും സമദിന്റെയും മകനാണ്. ഹൈസിൻ സമദ് സഹോദരനാണ്. കോരൻപീടിക ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഇമ്രാൻ. നാളെ സ്കൂളിന്റെ വാർഷികത്തോടനുബന്ധിച്ച് ഇമ്രാന്റെ പിയാനോ വായനയും ഉണ്ട്.
imran samad