സംസ്ഥാനത്ത് ഈ മാസം മുതൽ സപ്ലൈകോയിൽനിന്ന് എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാർഡുടമകൾക്ക് രണ്ട് തവണയായി അരി വാങ്ങാൻ കഴിയും. നിലവിൽ അഞ്ച് കിലോയാണ് നൽകുന്നത്. ഇതാണ് എട്ട് കിലോയാക്കി വർധിപ്പിച്ചിരിക്കുന്നത്. കെ റൈസും പച്ചരിയുമായി 10 കിലോ നൽകിയിരുന്നത് തുടരും.


മട്ട, ജയ, കുറുവ ഇവയിൽ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്‌ക്ക് 42 – 47 നിരക്കിൽ പൊതുവിപണിയിൽനിന്ന് വാങ്ങുന്ന അരി സംസ്ഥാന സർക്കാർ 33 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. കിലോയ്‌ക്ക് 35 – 37 രൂപയ്‌ക്ക് വാങ്ങുന്ന പച്ചരി 29 രൂപയ്‌ക്കാണ് സപ്ലൈകോ വഴി നൽകുക.
അതേസമയം ജൂൺ മാസത്തെ റേഷൻ വിതരണം ഇന്നുവരെ നീട്ടിയിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 3ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാല് മുതൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 30 വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്.
ഇന്നലെ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയെ മന്ത്രി ജിആർ അനിൽ സന്ദർശിച്ചിരുന്നു. ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരിവിഹിതം ലഭ്യമാക്കുക എന്ന ആവശ്യം മന്ത്രി ഉന്നയിച്ചു. പി സന്തോഷ് കുമാർ എംപിയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
മുൻഗണനേതര കുടുംബങ്ങൾക്ക് ഓണക്കാലത്ത് അധികമായി ഭക്ഷ്യധാന്യം അനുവദിക്കുക, കേരളത്തിന് മുമ്പ് ടൈഡോവർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഗോതമ്പ് അലോട്ട്മെൻ്റ് പുന:സ്ഥാപിക്കുക, ഇ-പോസ്മെഷീൻ LO എന്നതിൽ നിന്ന് L1 എന്ന നിലവാരത്തിലേക്ക് സാങ്കേതികമായ അപ്ഗ്രഡേഷൻ നടത്തുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിക്കുക. ലീഗൽ മെട്രോളജി വകുപ്പിൽ വെയ്ബ്രിഡ്‌ജ് വെരിഫിക്കേഷൻ കിറ്റും, പുതിയ വാഹനങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര മന്ത്രിയ്ക്ക് നിവേദനവും നൽകി.
ഇതിന് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയെ സന്ദർശിച്ചും മന്ത്രി ജിആർ അനിൽ നിവേദനം നൽകി. 2025-26 ഒന്നാം പാദത്തിലെ മണ്ണെണ്ണ അലോട്ട്മെൻ്റ് വിതരണത്തിനായി വിട്ടെടുക്കാൻ ജൂൺ 30 വരെ നല്കിയ സമയപരിധി സപ്തംബർ 30 വരെ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. അനുകൂലമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകിയെന്ന് ജിആർ അനിൽ അറിയിച്ചു.
K rice