കാസർകോട്:മന്നിപ്പാടിയിൽ യുവാവ് മരിച്ച സംഭവത്തിൽ തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത വ്ളോഗർ ചിന്നു പാപ്പു എന്ന രേഷ്മയുടെ സുഹൃത്തായിരുന്നു സന്ദേശ്. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
കാസർകോട് കുട്‌ലു മന്നിപ്പാടിയിലെ നാരായണ നായ്ക്ക് - സരോജ ദമ്പതികളുടെ മകനാണ് സന്ദേശ്. 29 വയസുകാരനായ സന്ദേശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്ലോഗർ ചിന്നു പാപ്പുവും സന്ദേശും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാടക ക്വാർട്ടേഴ്സിൽ രേഷ്മ തൂങ്ങി മരിച്ചത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നു.
അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് വിട്ടയച്ചു. രേഷ്മയുടെ മരണ ശേഷം സന്ദേശ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. യുവതിയുടെ മരണത്തിന് കാരണം സന്ദേശ് ആണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നെന്നും ഇതിന്‍റെ മനോവിഷമം ഉണ്ടായിരുന്നെന്നും ഇയാളുടെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സന്ദേശിന്‍റെയും രേഷ്മയുടേയും ഫോണുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന് ഇടയിലാണ് ഇപ്പോൾ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ ഡ്രൈവറായിരുന്ന സന്ദേശിന് കുറച്ച് കാലമായി ഡോർ പോളിഷ് ചെയ്യുന്ന ജോലിയായിരുന്നു.
Sandesh committed suicide

































