കണ്ണൂര്‍ : കണ്ണൂര്‍ കരിവെള്ളൂരില്‍ സിപിഒ. ദിവ്യശ്രീയെ (38) ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് രാജേഷിനെ മൂന്നു ജീവപര്യന്തം തടവിന് ശിക്ഷിച്ചു.രണ്ടുലക്ഷം പിഴയും ചുമത്തി. 2024 ലാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. കുടുംബ പ്രശ്നത്തെത്തുടർന്ന് മാറിത്താമസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ ഭർത്താവ് വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുകയായിരുന്നു.
മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്നു ദിവ്യശ്രീ. സംഭവശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മല്‍ സ്വദേശി കെ.രാജേഷിനെ പൊലീസ് പിന്നീടു ബാറില്‍നിന്നു പിടികൂടി. കൊലയ്ക്കു മുന്‍പുള്ള ദിവസം രാജേഷിന്റെയും ദിവ്യശ്രീയുടെയും വിവാഹമോചനക്കേസ് കണ്ണൂർ കോടതി പരിഗണിച്ചിരുന്നു.
ദിവ്യശ്രീ പിതാവിനൊപ്പമായിരുന്നു താമസം. വൈകിട്ട് അഞ്ചരയോടെ ബൈക്കില്‍ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടർന്ന് വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് കെ.വാസുവിനും വെട്ടേറ്റു. നിലവിളിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നില്‍ കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
CPO Divyasree's murder case



































