തളിപ്പറമ്പ്: ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുകയായിരുന്ന രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവം അതീവ ഗൗരവതരമാണെന്നും, തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും എസ്ഡിപിഐ തളിപ്പറമ്പ മുൻസിപ്പൽ സെക്രട്ടറി അബൂബക്കർ പി എ കുറ്റപ്പെടുത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവം പൊതുജനങ്ങളുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെയും പ്രായമായവരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. നഗരമധ്യത്തിലും ദേശീയപാതയോരങ്ങളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ അലഞ്ഞുതിരിയുന്നത് നിത്യസംഭവമായിട്ടും, ഇത് തടയാനോ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനോ ബന്ധപ്പെട്ട അധികൃതർക്ക് സാധിക്കുന്നില്ല.
വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ തളിപ്പറമ്പ് നഗരസഭയും ബന്ധപ്പെട്ട അധികാരികളും തയ്യാറാവണം. കാൽനടയാത്രക്കാർക്കും ബസ് യാത്രക്കാർക്കും ഭീതിയില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുക, നഗരത്തിലെ തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ അധികാരികൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ മുൻസിപ്പൽ സെക്രട്ടറി അബൂബക്കർ പി എ ആവശ്യപ്പെട്ടു.
P A Aboobakkar




































