ഫിഫ ലോകകപ്പ് ഫുട്ബോൾ കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആരാധകർ ഇഷ്ട ടീമുകളുടെ ഫ്ലെക്സുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ പാതകൾക്ക് കുറുകെയും വൈദ്യുതി ലൈനുകൾക്ക് സമീപവും സ്ഥാപിക്കുന്നത് തികച്ചും അപകടകരമാണെന്ന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നൽകി.
കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ കാരണമാകാം. ശക്തമായ കാറ്റിലും മഴയിലും ഇത്തരം ബാനറുകളും കൊടിതോരണങ്ങളും വൈദ്യുതി ലൈനുകളിലേക്ക് പതിക്കുന്നതിലൂടെ വൈദ്യുതി തടസ്സമുണ്ടാകാനും ജനങ്ങളുടെ സുരക്ഷ അപകടത്തിലാകാനുമുള്ള സാധ്യതയും ഏറെയാണ്.
ജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തുള്ള കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്നും കെ.എസ്.ഇ.ബി. അഭ്യര്‍ത്ഥിച്ചു.
Content Highlight: KSEB Warning




































