ലോകകിരീടമെന്ന ആത്യന്തിക സ്വപ്നം പൂർത്തിയാക്കാനാകാതെ കാൽപന്തുകളിയുടെ ചക്രവർത്തി വിശ്വവേദിയിൽ നിന്നും മടങ്ങുന്നു. ഫുട്ബോളിന്റെ വസന്തകാലമായ ലോകകപ്പ് വേദികളിൽ ഇനി ആ ‘സ്യൂ’ (Siuuu) മുഴക്കം കേൾക്കാനാകില്ല. ഒരു തലമുറയുടെ മുഴുവൻ ആവേശമായി മാറിയ, ഗോളടിച്ചതിനു ശേഷം വായുവിൽ ഉയർന്നുചാടി, കൈകൾ ഇരുവശങ്ങളിലേക്കും വീശിയുള്ള ആ വിഖ്യാത ആഹ്ലാദപ്രകടനത്തിന് ഇനി ലോകകപ്പ് മൈതാനങ്ങൾ സാക്ഷ്യം വഹിക്കില്ല. ആരാധകരുടെ പ്രിയപ്പെട്ട സിആർ7 (CR7) ഒടുവിൽ പടിയിറങ്ങിയിരിക്കുന്നു.
ഫുട്ബോളിൽ സ്ട്രൈക്കർമാർ പൊതുവെ 9, 10 നമ്പറുകളോട് ആഭിമുഖ്യം പുലർത്തുമ്പോൾ, ഏഴാം നമ്പ ജഴ്സിയെ തന്റെ അസാധാരണ പ്രതിഭ കൊണ്ട് പത്തിനേക്കാളും വലുതാക്കി മാറ്റിയ വിസ്മയമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ, കരിയറിലെ ആ വലിയ സ്വപ്നം മാത്രം ഒരു ബാക്കിപത്രമായി അവശേഷപ്പിച്ചു കൊണ്ട്, സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ വികാരാധീനനായാണ് റൊണാൾഡോ മൈതാനം വിട്ടത്. മത്സരശേഷം താരം പൊട്ടിക്കരയുന്ന കാഴ്ച ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ നെഞ്ചകം തകർക്കുന്ന നൊമ്പരക്കാഴ്ചയായിരുന്നു.
അഞ്ച് ബലോൻ ദ് ഓർ പുരസ്കാരങ്ങൾ, യൂറോ കപ്പ് കിരീടം, പ്രീമിയർ ലീഗ്, ലാ ലിഗ, ഇറ്റാലിയൻ സീരി എ, സൗദി പ്രോ ലീഗ് എന്നിവയിലെല്ലാം സമാനതകളില്ലാത്ത വിജയഗാഥകൾ രചിച്ച റൊണാൾഡോയ്ക്ക് പക്ഷേ ലോകകിരീടം മാത്രം എന്നും അകന്നുനിന്നു.
2006-ൽ ജർമനിയിൽ തുടങ്ങി, തുടർച്ചയായ ആറ് ലോകകപ്പുകളിൽ പോർച്ചുഗലിന്റെ നട്ടെല്ലായി നിന്ന ആ ഏഴാം നമ്പറുകാരൻ, കളിമുറ്റത്ത് ഒരുപിടി റെക്കോർഡുകൾ ബാക്കിവെച്ചാണ് രാജ്യാന്തര ഫുട്ബോളിന്റെ വിശ്വവേദിയിൽ നിന്നും ബൂട്ടഴിക്കുന്നത്. 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെയാണ് ഈ യുഗത്തിന് അവസാനമായത്. ഇത് തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് 41-കാരനായ റൊണാൾഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
തുടർച്ചയായ ആറ് ലോകകപ്പുകളിലും (2006, 2010, 2014, 2018, 2022, 2026) ഗോൾ നേടുന്ന ചരിത്രത്തിലെ ഏക പുരുഷ ഫുട്ബോൾ താരമെന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. ഈ ലോകകപ്പിലെ മൂന്ന് ഗോളുകൾ ഉൾപ്പെടെ ആകെ 11 ഗോളുകളാണ് അദ്ദേഹം ലോകകപ്പ് വേദികളിൽ അടിച്ചുകൂട്ടിയത്.
ലോകകപ്പിന്റെ വൻകരകളിൽ ആ ഏഴാം നമ്പർ ജഴ്സിയുടെ സുവർണ്ണ യുഗത്തിന് പരിസമാപ്തി കുറിക്കുമ്പോഴും, കളിക്കളത്തിൽ സിആർ7 അവശേഷിപ്പിച്ചു പോകുന്ന പോരാട്ടവീര്യവും അവിശ്വസനീയമായ റെക്കോർഡുകളും വരുംതലമുറയിലെ കായികപ്രേമികൾക്ക് എക്കാലവും ആവേശമായി ജ്വലിച്ചുനിൽക്കും.
Content Highlight: Six World Cups, numerous records; as CR7 bows out from the global stage.





































