ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇഡി കേസില്‍ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 25-ന് കോടതി കേസില്‍ വാദം കേള്‍ക്കും.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ജവാഹര്‍ലാല്‍ നെഹ്രു 1938-ലാണ് പാര്‍ട്ടിമുഖപത്രമായി 'നാഷണല്‍ ഹെറാള്‍ഡ്' തുടങ്ങിയത്. ഈ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ 'യങ് ഇന്ത്യ കമ്പനി' ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡ് ഇടപാടില്‍ 2012-ല്‍ പരാതിയുമായി രംഗത്തെത്തിയത്.
ED files chargesheet against Sonia Gandhi and Rahul Gandhi