Piôjതളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ വാക്ക് പോരും കയ്യാങ്കളിയും. ആക്രി സാധനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തുടർന്നായിരുന്നു തർക്കം. ഇന്നലെ രാവിലെ നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗം സി.വി.ഗിരീശനാണ് വിഷയം ഉന്നയിച്ചത്.


ആക്രി ഇടപാടിൽ നഗരസഭാ സെക്ഷൻ ക്ലർക്കിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സ്റ്റിയറിംഗ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് മേയ് മാസത്തിൽ ചേർന്ന കൗൺസിൽ ഉയർന്നുവന്ന വിമർശനങ്ങളെ തുടർന്നാണ് അന്വേഷണം നടത്താൻ സ്റ്റിയറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. സാധനങ്ങളുടെ തൂക്കം രേഖപ്പെടുത്തിയത് സാക്ഷ്യപ്പെടുത്താതിരുന്നത് ഉൾപ്പെടെ നഗരസഭക്ക് അധികബാദ്ധ്യത വരുത്തിയെന്നാണ് കണ്ടെത്തൽ. ഫയൽ പഠിച്ച ശേഷം ക്ലർക്കിനെതിനെതിരെ കൈക്കൊള്ളേണ്ട നടപടി സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥയായി റവന്യൂ വിഭാഗം അസി.സെക്രട്ടറിയെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് സംബന്ധിച്ചാണ് പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം, സി.വി.ഗിരീശൻ, കെ.എം.ലത്തീഫ്, വി.വിജയൻ എന്നിവർ ചോദ്യങ്ങളുമായി രംഗത്തെത്തിയത്. ഇത് സപ്ലിമെന്ററി അജണ്ടയിൽ അവസാനമായി ചർച്ച ചെയ്യാമെന്ന ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും മുഖ്യ അജണ്ടയിൽ ഒന്നാമതായി ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷം വാദിച്ചു. ഇതിനെതിരെ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, പി.സി.നസീർ, പി.പി.മുഹമ്മദ് നിസാർ, എം.കെ.ഷബിത എന്നിവരും രംഗത്തിറങ്ങി. ഇതോടെ ഇരു വിഭാഗവും ഉന്തും തള്ളും നടന്നു. മുതിർന്ന മറ്റ് കൗൺസിലർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്
Thaliparamba muncipality