കണ്ണൂർ:വിൻ്റർ ഷെഡ്യൂളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസുകൾ വെട്ടിക്കുറച്ച നടപടി അടിയന്തരമായും പിൻവലിക്കണമെന്ന് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.
ആറ് വർഷത്തോളമായി സർവ്വീസ് നടത്തുന്ന പല റൂട്ടുകളിലും നവമ്പർ ഒന്നു മുതലുള്ള സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. സമ്മർ സെഷനെ അപേക്ഷിച്ച് ഇത് മൂലം പ്രതിവാരം 42 സർവ്വീസുകൾ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രവുമല്ല കണ്ണൂരിൽ നിന്ന് കുവൈത്ത്, ബഹറൈൻ, ജിദ്ദ, ദമാം റൂട്ടുകളിലേക്ക് നേരിട്ടുള്ള സർവ്വീസുകളും റദ്ദ് ചെയ്യുകയാണ്. കുവൈത്തിലേക്ക് കോഴിക്കോട്ട് നിന്നും നേരിട്ട് സർവ്വീസില്ല. ഇതുമൂലം കണ്ണൂരിലെ യാത്രക്കാർക്ക് മംഗലാപുരത്തെയോ നെടുമ്പാശ്ശേരിയിലെയോ എയർപോർട്ടുകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണുണ്ടായിട്ടുള്ളത്.


സീസൺ അനുസരിച്ച് വിമാന നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ പിഴിയുന്ന വിമാന കമ്പനികൾ വിൻ്റർ സീസണിൽ സർവ്വീസുകൾ വെട്ടിക്കുറച്ച് കൊണ്ട് പ്രവാസികളായ യാത്രക്കാരോട് കാണിക്കുന്നത് തികഞ്ഞ അനീതിയാണ്. ഇക്കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.
Abdul kareem chelery