കണ്ണൂർ: വീണ്ടും വീഡിയോ കോൾ വഴി തട്ടിപ്പ്. സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് എത്തിയവർ കണ്ണൂരിലെ വയോധികയിൽ നിന്നാണ് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തത്. പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന ഗുരുതരമായ കുറ്റം ചെയ്തുവെന്നാണ് തട്ടിപ്പ് സംഘം 77കാരിയെ വിശ്വസിപ്പിച്ചത്.
സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സംഘം വാട്‌സാപ്പിൽ വീഡിയോ കോൾ ചെയ്യുകയായിരുന്നു. പഹൽഗാം ഭീകരരിൽ നിന്ന് വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്ന് സംഘം അറിയിച്ചു.ഭീകരരിൽ നിന്ന് വയോധിക പണം സ്വീകരിച്ചു എന്നാണ് കരുതുന്നതെന്നും തെളിവുകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും വയോധികയോട് തട്ടിപ്പുകാർ പറഞ്ഞു. നിരപരാധി എന്ന് തെളിയിക്കാൻ കൈവശം ഉള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണം എന്നാണ് ഇവർ ആവശ്യം ഉന്നയിച്ചത്.
ഇവരുടെ വാക്കുകൾ വിശ്വസിച്ച വയോധിക അക്കൗണ്ടിലുള്ള 1 കോടി 68 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. വൈകാതെ തന്നെ പണം നഷ്ടപ്പെട്ടെന്ന് ഇവർക്ക് ബോധ്യമായി. പിന്നാലെ പോലീസിൽ പരാതി നൽകുക ആയിരുന്നു. കണ്ണൂർ സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കേരളത്തിൽ നേരത്തെയും സമാനമായ രീതിയിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ട്. യാക്കോബായ സഭാധ്യക്ഷൻ ഗീവർഗീസ് കൂറിലോസ് അടക്കമുള്ള ചില പ്രമുഖരടക്കം പലരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പല അന്വേഷണത്തിലും കണ്ടെത്തിയിട്ടുള്ളത്. വാർധക്യത്തിലേക്ക് കടന്നവരെയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രധാനമായും ഉന്നം വെക്കുന്നത്.
ഇത്തരം ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് സർക്കാരുകളും അന്വേഷണ ഏജൻസികളും ബോധവത്കരണം നടത്തുന്നുണ്ട്. യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ ഇത്തരത്തിൽ വീഡിയോ കോൾ വഴിയുള്ള ചോദ്യം ചെയ്യലോ ഡിജിറ്റൽ അറസ്‌റ്റോ ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നടത്തുന്നില്ലെന്നും സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.ഇത്തരത്തിൽ എന്തെങ്കിലും കോളോ മറ്റോ വന്നാൽ ഭയപ്പെടരുതെന്നും അവരോട് സംസാരിക്കാൻ നിൽക്കാതെ എത്രയും വേഗം പൊലീസിൽ അറിയിക്കണമെന്നുമാണ് പൊലീസ് നിർദേശിക്കുന്നത്.
Fraud
































