തളിപ്പറമ്പ്: ഒരുകോടി രൂപ ചെലവഴിച്ച് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ നടപ്പാക്കിയ കരിമ്പം ഫാം ടൂറിസം പദ്ധതി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.ഫാമിന്റെ ഭൂപ്രകൃതി പരമാവധി പ്രയോജനപ്പെടുത്തിയുള്ള പദ്ധതിയിൽ ഫാം നടന്നുകാണാൻ കൈവരികളോടുകൂടിയ,കല്ലുപാകിയ നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവയോടൊപ്പം ഡോർമെറ്ററിയും ശുചിമുറിയും സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ പ്രവേശനകവാടം ആകർഷകമാക്കിയതിനൊപ്പം ഓപ്പൺഎയർ ഓഡിറ്റോറിയവും നിർമിച്ചു. ഭാവിയിൽ ഇവിടെ ഫാമിനെ അറിയാനും കാർഷിക പരീക്ഷണങ്ങൾക്കും അവയുടെ പ്രദർശനത്തിനും ഡിജിറ്റൽ സാങ്കേതിക മികവോടെയുള്ള പ്രദർശനവുമൊരുക്കാനാകും. സഹവാസക്യാമ്പുകളുൾപ്പെടെ നടത്താനാകുംവിധമാണ് പദ്ധതിയുടെ രൂപകൽപ്പന.
പരിപാടിയിൽ കരിമ്പം ഫാമിൽ തയ്യാറാക്കിയ കുത്തരി കരിമ്പം റൈസ് ലോഞ്ചിങ്ങും എം എൽ എ നിർവഹിച്ചു.പദ്ധതിയുടെ ഭാഗമായി നിർമിച്ച ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ പ്രദീപൻ, രജനി മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി കെ കുഞ്ഞിരാമൻ, പി മാധവൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് പി രമേശൻ, പഞ്ചായത്തംഗങ്ങളായ പി അശോകൻ, വി വി ചന്ദ്രമതി, പി വി രാജൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ കെ ആശിഷ് കുമാർ, ഫാം സൂപ്രണ്ട് കെ പി രസ്‌ന,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Content Highlight: Karimbam Farm Tourism Project



































