കാഞ്ഞങ്ങാട്: പളളിക്കരയില്‍ ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് കിട്ടിയത് സ്വര്‍ണത്താലി. ചെരുപ്പിനടിയില്‍ പറ്റിയ ബബിള്‍ഗമില്‍ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു സ്വര്‍ണത്താലി. എണ്ണപ്പാറ സ്വദേശിയില്‍ നിന്ന് നഷ്ടപ്പെട്ട താലി എങ്ങനെ ആ ചെരുപ്പിനടിയില്‍ വന്നു എന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. അതിങ്ങനെയാണ്.
ഒരാഴ്ച്ച മുന്‍പാണ് എണ്ണപ്പാറ സ്വദേശിയായ ജിഷ എന്ന യുവതിക്ക് അവരുടെ താലി നഷ്ടമായത്. ചെര്‍ക്കാപ്പാറയിലെ കടയുടമയായ കനകയുടെ ബന്ധുവാണ് ജിഷ. ഇവരുടെ വീട്ടിലേക്ക് ജിഷ വിഷുവിന് മുന്‍പ് വിരുന്ന് വന്നിരുന്നു. അന്നാണ് ജിഷയുടെ ഒരു പവന്റെ താലി നഷ്ടമായത്. വീട്ടുകാരും നാട്ടുകാരും മുഴുവന്‍ സ്ഥലത്തും അരിച്ചുപെറുക്കിയിട്ടും അന്ന് താലി കിട്ടിയില്ല. നിരാശയായ ജിഷ സങ്കടത്തോടെ മടങ്ങി. അന്ന് സമീപവാസിയായ സുധ എന്ന സ്ത്രീയും ഇവര്‍ക്കൊപ്പം താലി തിരയാന്‍ കൂടിയിരുന്നു. അന്ന് സുധ ധരിച്ചിരുന്ന ചെരിപ്പ് പൊട്ടി. ഇത് ഹരിതകര്‍മസേനയ്ക്ക് കൊടുക്കാനായി അവര്‍ മാറ്റിവെച്ചു.
ഹരിതകര്‍മസേന അംഗങ്ങളായ സുജയ്ക്കും സുനിതയ്ക്കും ഈ മാസം പഴയ, ഉപയോഗശൂന്യമായ ചെരുപ്പുകളായിരുന്നു ശേഖരിക്കേണ്ടിയിരുന്നത്. അവര്‍ സുധയുടെ വീട്ടിലെത്തിയപ്പോള്‍ ഒരു ചാക്ക് ചെരുപ്പുകള്‍ കൊടുത്തു. ഈ സമയത്ത് ചാക്കിന് പുറത്ത് ഒരു ജോഡി ചെരിപ്പ് മാറ്റിയിട്ടിരിക്കുകയായിരുന്നു. സുധ ഇത് കാലുകൊണ്ട് തട്ടിനീക്കി ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് കൊടുത്തു. ചെരിപ്പുകള്‍ അഴുക്ക് കളഞ്ഞ് ഹരിതകർമസേനയുടെ ചാക്കിലാക്കുന്ന സമയത്താണ് സുജയും സുനിതയും താലി കണ്ടത്. ചെരുപ്പ് സിമന്റ് തറയില്‍ ഉരച്ച് അഴുക്ക് കളയുന്നതിനിടെ അതിനടിയില്‍ ഒട്ടിപ്പിടിച്ച ബബിള്‍ഗമില്‍ പറ്റിപ്പിടിച്ച നിലയില്‍ സ്വര്‍ണത്താലി.
ഉടന്‍ തന്നെ ഇവര്‍ വിവരം സുധയെയും മറ്റ് ഹരിതകര്‍മസേന അംഗങ്ങളെയും അറിയിച്ചു. അപ്പോഴാണ് ജിഷയുടെ താലി കാണാതായ കാര്യം ഇവര്‍ സംസാരിക്കുന്നതും കനകയെ വിവരമറിയിക്കുന്നതും. തുടര്‍ന്ന് ഫോട്ടോ അയച്ചുതന്നതോടെ ലഭിച്ചത് ജിഷയുടെ താലി തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അങ്ങനെ താലി അവര്‍ കനകയ്ക്ക് കൈമാറി. ജിഷയെത്തി താലി വാങ്ങി തന്റെ മാലയില്‍ കോര്‍ത്തിടുകയും ചെയ്തു.
Haritha Karma Sena members






































