ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞ മൃതദേഹം അചാരപ്രകാരം സംസാരിച്ച എത്രയോ അനുഭവങ്ങൾ സി എച്ച് സെന്ററിനുണ്ട്. അത്തരത്തിൽ ഒരു അനുഭവം അമ്പു വെക്കുകയാണ് ജീവകാരുണ്യ പ്രവർത്തകനും പരിയാരം തളിപ്പറമ്പ് സി എച്ച് സെന്റർ ചീഫ് കോഡിനേറ്ററുമായ എം നജ്മുദ്ധീൻ.
"ഇനിയെങ്കിലും ഓരോ വീട്ടിലും എട്ടു ചാക്ക് ചിരട്ടയെങ്കിലും നിങ്ങൾ സൂക്ഷിക്കണം... എവിടെയാണ് മരണം കാത്തിരിക്കുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ. അപ്പോൾ ചിരട്ടയ്ക്കായി നെട്ടോട്ടം ഓടേണ്ടി വരില്ല, 'ചിരട്ടയില്ല' എന്ന സങ്കടവാക്ക് കേൾക്കേണ്ടി വരുകയുമില്ല..."ഇതൊരു അഭ്യർത്ഥനയല്ല, കണ്ണീരിൽ ചാലിച്ച ഒരനുഭവത്തിൽ നിന്ന് ഉണ്ടായ തിരിച്ചറിവാണ്.
ഇന്ന് രാവിലെ 10 മണിക്കാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഓഫീസറുടെ ആ ഫോൺ കോൾ വരുന്നത്. മോർച്ചറിയിൽ കഴിയുന്ന 60 വയസ്സുകാരൻ ശശിധരന്റെ മൃതദേഹം സംസ്‌കരിക്കണം. സ്വന്തം ഉറ്റവർ കൈയൊഴിഞ്ഞ അവസ്ഥയിൽ ഇത്തരം സന്ദർഭങ്ങളിൽ പോലീസിന് ആദ്യം ഓർമ്മ വരുന്നത് തളിപ്പറമ്പ് പരിയാരം സി.എച്ച്. സെന്ററിനെയാണ്. അങ്ങനെയാണ് ചീഫ് കോർഡിനേറ്ററായ എന്നെയും നമ്മുടെ വോളന്റിയർമാരെയും പോലീസ് ഈ ദൗത്യത്തിനായി വിളിക്കുന്നത്.
വിവരം അറിഞ്ഞ് ഞാൻ മോർച്ചറിക്ക് മുന്നിലെത്തുമ്പോൾ ആ ഭാര്യയും മകനും അവിടെ തന്നെയുണ്ടായിരുന്നു. പക്ഷേ, ആ മൃതദേഹം ഏറ്റെടുക്കാൻ അവർ ഒട്ടും തയ്യാറായിരുന്നില്ല!
മോർച്ചറിയുടെ മുന്നിൽ വെച്ച് അവരെ നേരിൽ കണ്ട് ഞാൻ ചോദിച്ചു: "മോനേ, അത് നിന്റെ അച്ഛനല്ലേ... നിങ്ങളുടെ ഭർത്താവല്ലേ... ഇങ്ങനെയൊന്നും പറയരുതേ..." എന്ന് നേരിട്ട് അപേക്ഷിച്ചിട്ടും അവരുടെ മനസ്സലിഞ്ഞില്ല. 'ഞങ്ങൾ ബോഡി ഏറ്റെടുക്കില്ല, സ്ഥലം കണ്ടെത്തുന്നതും ദഹിപ്പിക്കുന്നതും കർമ്മങ്ങൾ ചെയ്യുന്നതുമെല്ലാം പരിയാരം സി.എച്ച് സെന്ററിലെ സന്നദ്ധപ്രവർത്തകർ തന്നെ ചെയ്തോളൂ' എന്ന് സ്വന്തം ചോരയും പങ്കാളിയും ആ മോർച്ചറിക്ക് മുന്നിൽ വെച്ച് അറുത്തുപറഞ്ഞപ്പോൾ നെഞ്ച് തകർന്നുപോയി. ഒടുവിൽ ആ മൃതദേഹത്തിന് കൂട്ട് സി.എച്ച് സെന്ററിലെ വോളന്റിയർമാരായ നമ്മളായി.
അവിടെ നിന്നങ്ങോട്ട് ഒരു നെട്ടോട്ടമായിരുന്നു. സ്ഥലം കണ്ടെത്തണം, ചിരട്ടയൊരുക്കണം, അന്ത്യകർമ്മങ്ങൾ ചെയ്യണം... എല്ലാം നമ്മൾ തന്നെ ചെയ്യേണ്ട അവസ്ഥ! കോവിഡ് കാലത്തും വയനാട് ദുരന്തഭൂമിയിലും ഒരുപാട് മൃതദേഹങ്ങൾ ആദരവോടെ സംസ്‌കരിച്ചിട്ടുണ്ടെങ്കിലും, സ്വന്തം ഉറ്റവർ തൊട്ടുമുന്നിൽ ഉണ്ടായിട്ടും പൂർണ്ണമായി അനാഥനാക്കപ്പെട്ട ഒരു മനുഷ്യന് വേണ്ടിയുള്ള ഓട്ടമായിരുന്നു ഇത്.
പല സ്മശാനങ്ങളിലും വിളിച്ചു. പ്രശസ്തമായ പയ്യാമ്പലത്ത് വിളിച്ചപ്പോൾ 'നിങ്ങളുടെ പഞ്ചായത്തിൽ തന്നെ നോക്കൂ, ഇവിടെ ബുദ്ധിമുട്ടാണ്' എന്ന മറുപടി. മറ്റ് പലയിടത്തും വിളിച്ചപ്പോൾ കേട്ടത് ഒരേയൊരു തടസ്സവാദമായിരുന്നു—"ദഹിപ്പിക്കാൻ ചിരട്ടയില്ല!"
ഇന്ന് ചിരട്ടയ്ക്ക് പൊന്നുംവിലയുള്ള കാലമാണ്. ആ പ്രതിസന്ധി ഘട്ടത്തിലാണ് 'ഹെൽപ്പ് ലൈൻ' വാട്സാപ്പ് ഗ്രൂപ്പിൽ ഞാനൊരു സന്ദേശമിടുന്നത്. ആപത്ഘട്ടങ്ങളിൽ എന്നും കൈകോർത്തിട്ടുള്ള നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾ ഉണർന്നു പ്രവർത്തിച്ചു. പിലാത്തറ സി. നഗറിലെ ഒരു സഹോദരൻ ഉടൻ തന്നെ 4-5 ചാക്ക് ചിരട്ട നൽകാമെന്ന് ഏറ്റു. ആ നല്ല മനസ്സിന് നന്ദി..ഒടുവിൽ കുളപ്പുറം പൊതുശ്മശാനത്തിൽ സംസ്കാരം നടത്താമെന്നും അവിടെ തൽക്കാലം ചിരട്ടയുണ്ടെന്നും ഉറപ്പായി.
ഈ കർമ്മങ്ങൾ പെട്ടെന്ന് തന്നെ ചെയ്തുതീർക്കാൻ ആവശ്യമായ ഫണ്ടിനായി ഞങ്ങൾ ബുദ്ധിമുട്ടിയപ്പോൾ, ഒട്ടും മടിക്കാതെ ഒരുപാട് നല്ല മനസ്സുകൾ നമ്മുടെ കൂടെ നിന്നു. സാധ്യമാകുന്ന ചെറിയ തുകകൾ സമാഹരിച്ച് നൽകിക്കൊണ്ട് ആ അടിയന്തര ഘട്ടത്തിൽ അവർ ഞങ്ങളെ സഹായിച്ചു. ആ കാരുണ്യത്തിന്റെ കൂടി ഫലമായാണ് ഈ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞത്.
ഞാനും സഹപ്രവർത്തകരായ സംഷാദ്, ഷമീൽ, എന്നീ സി.എച്ച്. സെന്റർ വോളന്റിയർമാരും.. കൂടെ മകനും ഭാര്യയുംഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൂടെ കൂട്ടി മൃതദേഹം കുളപ്പുറത്ത് എത്തിച്ചു.സ്മശാനം സെക്രട്ടറി കണ്ണേട്ടൻ.. നമുക്ക് നിർദ്ദേശങ്ങളും തന്നു.
ഒടുവിൽ, ചിതയ്ക്ക് തീക്കൊളുത്തുമ്പോൾ സാക്ഷികളാകാൻ മാത്രം ആ ഭാര്യയും മകനും അവിടെയെത്തി. അന്ത്യകർമ്മങ്ങളും ചിതയൊരുക്കലുമെല്ലാം നമ്മൾ സന്നദ്ധപ്രവർത്തകർ തന്നെ ചെയ്ത്, ആത്മാർത്ഥമായി സഹായിച്ച ഒരുപാടാളുകളുടെ തണലിൽ ശശിധരൻ എന്ന മനുഷ്യന്റെ ഭൗതികശരീരം കുളപ്പുറത്തെ ചിതയിൽ ഒടുങ്ങി.ആദ്യം ഒരുപാട് പ്രയാസപ്പെട്ടുവെങ്കിലും, ഒരു മനുഷ്യന് മാന്യമായ യാത്രയയപ്പ് നൽകാൻ കഴിഞ്ഞതിൽ വലിയൊരു ആശ്വാസമുണ്ട്.
പഴയ കാലം ജീവിച്ചിരിക്കുമ്പോൾ ആവേശക്കമ്മിറ്റി; ഒടുവിൽ ആരുമില്ലാത്ത അവസ്ഥ!
നമ്മുടെ നാട്ടിലൊരു പതിവുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും ധാരാളമുള്ള ഒരാൾ മരിക്കുമ്പോൾ അവിടെ വലിയൊരു 'ആവേശക്കമ്മിറ്റി' തന്നെയുണ്ടാകും. മാവ് മുറിക്കാനും, മുറിക്കേണ്ടവൻ വരുന്നതിന് മുന്നേ തന്നെ ഓല കെട്ടിവെക്കാനും, ഓടാനും ചാടാനും നൂറുപേരുണ്ടാകും.
പക്ഷേ, ആരുമില്ലാത്തവന്റെ, അല്ലെങ്കിൽ ഉണ്ടായിട്ടും കൈൊഴിയപ്പെട്ടവന്റെ മരണത്തിൽ ഒടുവിൽ സഹായിക്കാൻ ആരും തന്നെയില്ലാത്ത അവസ്ഥ വരുന്നു. അവിടെയാണ് നാടിയുടെ യഥാർത്ഥ നന്മ വെളിപ്പെടുന്നത്. അത്തരം സന്ദർഭങ്ങളിലും അനാഥരായവർക്ക് അവസാന കർമ്മം നിർവഹിക്കാൻ ദൈവം ചില മനുഷ്യരെ ഭൂമിയിൽ നിയോഗിക്കുന്നുണ്ട്. ആ സത്യം നമ്മൾ മറക്കരുത്. ഇതിനായി സഹായിച്ച, സഹകരിച്ച എല്ലാ നല്ല മനുഷ്യർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇനിയും കാത്തിരിക്കുന്നു, അഞ്ച് അനാഥ ജന്മങ്ങൾ
ഇത് ഒരു ശശിധരന്റെ മാത്രം കഥയല്ല. മാസങ്ങളായി, ബന്ധുക്കളോ നാഥനോ ഇല്ലാതെ ഫ്രീസറിന്റെ കഠിനമായ മരവിപ്പിൽ കഴിയുന്ന നാലോ അഞ്ചോ മൃതദേഹങ്ങൾ ഇനിയും പരിയാരത്തെ മോർച്ചറിയിൽ മരവിപ്പിൽ കിടക്കുന്നുണ്ട്. നമ്മുടെ പ്രയത്നവും ഒത്തൊരുമയുമുണ്ടെങ്കിൽ അവരെയും നമുക്ക് ഈ മരവിപ്പിൽ നിന്ന് മോചിപ്പിച്ച് ആചാരപ്രകാരം ദഹിപ്പിക്കാം.
ഇത്തരം സത്കർമ്മങ്ങൾ പൂർണ്ണമായി ചെയ്ത് തീർക്കാൻ ഇനിയും നിങ്ങളുടെ ഏവരുടെയും പൂർണ്ണമായ പിന്തുണയും പ്രാർത്ഥനയും സന്മനസ്സും പ്രതീക്ഷിക്കുന്നു.നമുക്ക് കൈകോർക്കാം... ജീവിച്ചിരുന്നപ്പോൾ അനാഥരായവർക്കെങ്കിലും മരണശേഷമൊരു മര്യാദ നൽകാൻ!
Content Highlight: CH Center


































