തളിപ്പറമ്പ്: നഗരസഭാ പരിധിയിൽ അനധികൃത കയ്യേറ്റങ്ങൾ, നിയമവിരുദ്ധ നിർമ്മാണങ്ങൾ, അനുമതിയില്ലാത്ത കച്ചവടങ്ങൾ എന്നിവ കണ്ടെത്തി നടപടിയെടുക്കാൻ തളിപ്പറമ്പ് നഗരസഭ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. 'ഓപ്പറേഷൻ സുരക്ഷ' എന്ന പേരിലാണ് പ്രത്യേക സമിതിക്ക് രൂപം നൽകിയിരിക്കുന്നത്.
തളിപ്പറമ്പ് താലൂക്ക് ആശുപത്രി മുതൽ മന്ന സിഗ്നൽ വരെയുള്ള സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും വ്യാപകമായി അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും നടക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ആദ്യഘട്ട പരിശോധന ഈ മേഖലയിലായിരിക്കും നടക്കുക.
പരിശോധന വേളയിൽ ലൈസൻസ് ഇല്ലാതെയോ, നിലവിലുള്ള ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായോ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും തുടർന്ന് കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ.പി. സുബൈർ അറിയിച്ചു.
നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി പി. ലേഖയാണ് സ്ക്വാഡ് ലീഡർ. ക്ലീൻ സിറ്റി മാനേജർ എ.പി. രഞ്ജിത്ത് കുമാർ, കെ. നാരായണൻ, ഫാഹിജ ഐക്കാൽ, പി. ലതീഷ്, കെ.പി. പ്രീഷ, എ. അബ്ബാസ് എന്നിവരാണ് സ്ക്വാഡിലെ മറ്റ് അംഗങ്ങൾ.
Content Highlight: 'Operation Suraksha':


































