തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ മൂന്നുമുതൽ 11 വരെ ഒന്നാംഘട്ടവും 21 മുതൽ 26വരെ രണ്ടാംഘട്ടവും മൂല്യനിർണയം നടക്കും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും.

ഇതിനായി 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും 72 ഐടി മാനേജർമാരെയും 144 ഡാറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും നിയമിക്കും.
ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് 89 ക്യാമ്പുകളാണ് സജ്ജീകരിച്ചത്. 57 വിവിധ വിഷയങ്ങൾക്കായി 24,000 അധ്യാപകരെ നിയമിക്കും. ഏപ്രിൽ മൂന്നിന് ആരംഭിച്ച് മെയ് 10-ന് മൂല്യനിർണയം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. മെയ് മൂന്നാം വാരം ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിനായി എട്ട് ക്യാമ്പാണുള്ളത്. ഏപ്രിൽ മൂന്നുമുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് മൂന്നാം ആഴ്ചയിൽ ഫലപ്രഖ്യാപനം നടത്തും.
Revaluation