കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും വിവരാവകാശ പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹര്‍ജികളാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍ എല്ലില്‍ നിന്ന് എക്‌സാലോജിക് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു വാദം. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതില്‍ ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം സമര്‍പ്പിച്ചത്.
No vigilance investigation