തൃക്കരിപ്പൂർ :യാത്രയ്ക്കിടെ ഹൗസ് ബോട്ട് ( പുരവഞ്ചിയിലെ ) ചെരിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്ര പുറപ്പെട്ട ഉടനെ ആയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. കവ്വായിക്കായലിൽ യാത്ര നടത്തുകയായിരുന്ന പുരവഞ്ചിയാണ് യാത്രയ്ക്കിടെ ചെരിഞ്ഞത്. പുരവഞ്ചി ചെരിയുന്നത് ശ്രദ്ധയിപ്പെട്ട നാട്ടുകാർ ഉടൻ കയറിട്ട് കരയിലടുപ്പിച്ച് യാത്രക്കാരെ ഇറക്കി സുരക്ഷിതരാക്കുകയായിരുന്നു.

അപകടസമയം കുട്ടികളും സ്ത്രീകളുമുൾപ്പെടെ 30-ൽ അധികം പേർ യാത്രക്കാരായുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മെട്ടമ്മലിലാണ് സംഭവം. ഇടയിലെക്കാട് ബണ്ട് പരിസരത്ത് നിന്നും യാത്ര ആരംഭിച്ച പുരവഞ്ചിയാണ് അപകടത്തിൽപ്പെട്ടത്.
യാത്ര ആരംഭിക്കുമ്പോഴേ പുരവഞ്ചിക്ക് നിയന്ത്രണമില്ലാത്ത പ്രശ്നമുണ്ടായിരുന്നെന്നും 22 പേരെ ഉൾക്കൊള്ളാൻ പറ്റുന്ന ബോട്ടിൽ 30-ൽ അധികം പേരെ കയറ്റിയത് അപകടത്തിന് വഴിവെച്ചുവെന്നും ആക്ഷേപവുമുണ്ട്. ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അപകടകാരണം വ്യക്തമല്ല. വെള്ളാപ്പിലെ സ്വകാര്യ പാർക്ക് വാടകയ്ക്കെടുത്ത് നടത്തുന്ന ബോട്ടാണിത്.
kavvayi