ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പ ടൗണിൽ പ്രവർത്തിച്ചു വരുന്ന ലോലിനോ കഫേയ്ക്ക് 30000 രൂപ പിഴ ചുമത്തി. പരിശോധന വേളയിൽ സ്ഥാപനത്തിന്റെ മലിന ജല ടാങ്ക് ഓവർ ഫ്ലോ ചെയ്തു മലിന ജലം തുറസ്സായി കെട്ടിടത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കെട്ടി കിടക്കുന്നതായി കണ്ടെത്തി.

മലിന ജലം ഓവർ ഫ്ലോ വരുന്നതനുസരിച്ചു പൊതു റോഡിലൂടെ ഒഴുകി പോകുന്ന സ്ഥിതിയാണ് നിലനിന്നിരുന്നത്. സമീപത്തെ സ്ഥാപനങ്ങൾക്കും മലിന ജലത്തിന്റെ ദുർഗന്ധം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടു.സ്‌ക്വാഡ് സ്ഥാപനത്തിന്റെ ഉള്ളിൽ നടത്തിയ പരിശോധനയിൽ ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ബിന്നുകളിൽ കൂട്ടി ഇട്ടിരിക്കുന്നതായി കണ്ടെത്തി.
സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ല എന്ന് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന പൂക്കൊത്ത് തെരുവിലെ ക്വാർട്ടേഴ്സിന്റെ ടെറസിൽ 5 ഡ്രമുകളിലായി നിരവധി ഗാർബജ് ബാഗുകളിൽ കെട്ടിയ നിലയിൽ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ കണ്ടെത്തി. ഗാർബജ് ബാഗുകൾ തുറന്നു പരിശോധിച്ചപ്പോൾ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും മറ്റു ജൈവ - അജൈവ മാലിന്യങ്ങളും തരം തിരിക്കാത്ത നിലയിൽ കാണപ്പെട്ടു.
ഈ മാലിന്യങ്ങൾ മുഴുവനായി സ്വകാര്യ വ്യക്തിക്ക് പണം നൽകി കൈമാറുകയാണ് ചെയ്യുന്നത് എന്ന് സ്ഥാപനത്തിന്റെ മാനേജർ സ്‌ക്വാഡിനെ അറിയിച്ചു. മലിന ജലം തുറസായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വച്ചതിനും മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതിനും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ജില്ലാ എൻഫോഴ്‌സ്‌മെന്റ്സ്‌ക്വാഡ് ലോലിനോ എന്ന സ്ഥാപനത്തിന് 30000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾക്കായി നഗര സഭക്ക് നിർദേശവും നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ രമ്യ കെ എം തുടങ്ങിയവർ പങ്കെടുത്തു.
fine