തളിപ്പറമ്പ്: കവിതാരചനയിൽ സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധേയയായ കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ.വി.മെസ്ന എസ്.എസ്.എൽ.സി. പരീക്ഷയിലും ഫുൾ എ പ്ലസ് നേടി മികവ് തെളിയിച്ചു. കവിതാരചനയിൽ ജില്ലാ സംസ്ഥാനതലങ്ങളിൽ വിവിധ മത്സരങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തതിനെത്തുടർന്ന് ഏറെ അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടുവെങ്കിലും പഠനത്തിലും തിളങ്ങാൻ മെസ്നക്ക് കഴിഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവ വിജയത്തോടൊപ്പം പൊതുവേദികളിലെ മത്സരങ്ങളിലും സംസ്ഥാനതലത്തിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ മെസ്നയുടെ 'കാലം തെറ്റിയ മഴ' എന്ന കവിത ഈ വർഷം മലയാളം പാഠപുസ്തകത്തിൽ കുട്ടികൾക്ക് പഠിക്കാനുണ്ട്. സംസ്ഥാന സർക്കാരിൻ്റെ ഉജ്വലബാല്യ പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം ഉൾപ്പെടെ നിരവധി നേട്ടങ്ങൾക്കുടമയാണ്. അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ. ബീനയുടെയും മകളാണ്.
k v mesna