കോട്ടയം: മിൽമ പാലിന് വില വർധിക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് നാലു രൂപ മുതൽ അഞ്ചുരൂപ വരെ വർധിക്കുമെന്നാണ് സൂചന. നിലവിൽ ക്ഷീര കർഷകർക്ക് ഒരുലിറ്റർ പാലിന് ലഭിക്കുന്നത് 45 രൂപ മുതൽ 49 രൂപ വരെയാണ്. ടോൺഡ് മിൽക്കിന്റെ വിപണി വില ലിറ്ററിന് 52 രൂപയാണ്. ഉത്പാദനച്ചെലവ്വർധിച്ചതോടെ പാലിന് വില കൂട്ടണമെന്ന ആവശ്യം കർഷകർ ഉയർത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്ത് ചേരുന്ന മിൽമ ഫെഡറേഷൻ യോഗത്തിൽ പാൽ വിലവർധന സംബന്ധിച്ച തീരുമാനമുണ്ടാകും എന്നാണ് റിപ്പോർട്ട്. ഉത്പാദനച്ചെലവ് കൂടിയതിന് ആനുപാതികമായി വിലവർധന വേണമെന്ന് മിൽമ സർക്കാരിനെ അറിയിച്ചിരുന്നു. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മിൽമ പാലിന് വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപ കൂട്ടിയിരുന്നു.


ലിറ്ററിന്10 രൂപയുടെയെങ്കിലും വർധന ഉണ്ടെങ്കിലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് കർഷകപ്രതിനിധികൾ യൂണിയനുകളെ അറിയിച്ചത്. സംഘങ്ങൾക്ക് നിശ്ചിത അളവിൽ പാലളന്നശേഷം ബാക്കി സ്വകാര്യ വിപണിയിലേക്ക് വിറ്റാണ് കൃഷിക്കാർ നഷ്ടം നികത്തുന്നത്. പുറംവിപണിയിൽ ലിറ്ററിന് 60-65 രൂപ പ്രകാരമാണ് വിൽപ്പന.
Milma milk