ദില്ലി: സെപ്റ്റംബർ 7ന് ലോകം ഒരു അപൂർവ ആകാശസംഭവത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയടക്കം ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ദൃശ്യമാകും.
ഇന്ത്യൻ സമയം രാത്രി 8.58-ന് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നത് ആരംഭിക്കും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനിറ്റും നീണ്ടുനിൽക്കുന്ന ഗ്രഹണത്തിൽ, പൂർണഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനിറ്റും തുടരും. രാത്രി 11.41-ഓടെ ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടും.


8-ാം തീയതി പുലർച്ചെ 12.22 മുതൽ ചന്ദ്രനിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25-ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് തന്നെ ഗ്രഹണം സുരക്ഷിതമായി കാണാവുന്നതാണ്.
ലോക ജനസംഖ്യയുടെ 60 ശതമാനം പേർക്ക് ഈ ചന്ദ്രഗ്രഹണം നേരിൽ കാണാൻ സാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥ ലഭിച്ചാൽ ഗ്രഹണം മുഴുവനായും ആസ്വദിക്കാം.
ഈ വർഷത്തെ ഗ്രഹണത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ഇന്ത്യയിൽ നിന്ന് വീണ്ടും ഒരു പൂർണ ചന്ദ്രഗ്രഹണം കാണാൻ അവസരം ലഭിക്കാനാവുന്നത് 2028 ഡിസംബർ 31-നാണ്.
Black moon