കാസർഗോഡ് : നബിദിന റാലിയിൽ പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. മേൽപറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരിൽ താമസക്കാരനുമായ ഉബൈദുല്ല കടവത്ത് (63) ആണ് മരിച്ചത്. നബിദിന പരിപാടിയിൽ പങ്കെടുക്കാൻ നെല്ലിക്കുന്ന് മുഹിയുദ്ധീൻ പള്ളിയിലേക്ക് പോയിരുന്നു.
പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ തിരിച്ചെത്തി. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമര സമിതിയുടെ മുന്നണിയിൽ പ്രവർത്തിച്ചിരുന്നു.


എൻ.സി.പി ശരത് പവാർ വിഭാഗം കാസർകോട് ബ്ലോക്ക് മുൻ പ്രസിഡന്‍റും നിലവിൽ ജില്ല നിർവാഹക സമിതി അംഗമാണ്. ജില്ല ജനകീയ നീതി വേദിയടക്കം നിരവധി സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. ബങ്കരക്കുന്ന് കുദൂർ റോഡ് നവീകരണത്തിന് നിരന്തരം പ്രവർത്തിച്ചിരുന്നു. പ്രവാസിയായിരുന്ന ഇദ്ദേഹം പഴയ ബസ് സ്റ്റാൻഡിലെ ദർബാർ ഹോട്ടൽ ജീവനക്കാരനുമായിരുന്നു.
മറ്റൊരു സംഭവത്തിൽ നബിദിനാഘോഷ വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മദ്റസ അധ്യാപകൻ മരിച്ചു. കണ്ടന്തറ ഒർണ ഷറഫുൽ ഇസ്ലാം മദ്റസ അധ്യാപകനും വല്ലം കൊച്ചങ്ങാടി അണ്ടേത്ത് വീട്ടിൽ ഹമീദിന്റെ മകനുമായ സുബൈർ മൗലവിയാണ് (53) മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഉടൻ സമീപ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Ubaidulla