കണ്ണാടിപ്പറമ്പ്: വാടക ക്വാര്‌ട്ടേഴ്‌സില്‍ പ്രസവത്തിനിടെ യുവതി മരിച്ചു. കണ്ണാടിപ്പറമ്പ് മാലോട്ടിലെ ശാദുലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജസ്വീന(30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. കണ്ണാടിപ്പറമ്പിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കെത്തിയ റഫീക്കുല്‍ ഇസ്ലാമിന്റെ ഭാര്യയാണ് ജസ്വീന. ഇവരുടെ രണ്ടാമത്തെ പ്രസവത്തിനിടെയാണ് മരണം ലസംഭവിച്ചത്.
നവജാതശിശുവായ പെണ്‍കുഞ്ഞ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പരിചരണത്തിലാണുള്ളത്. നാല് വയസ്സുള്ള മറ്റൊരു മകനും ഇവര്‍ക്കുണ്ട്. ഒന്നര മാസം മുമ്പാണ് റഫീക്കുല്‍ ഇസ്ലാം ഗര്‍ഭിണിയായ ഭാര്യയെയും കൂട്ടി ഇവിടെയെത്തിയിരുന്നത്. ഇവരുടെ ബന്ധുക്കള്‍ തൊട്ടടുത്ത ക്വാരട്ടേഴ്‌സിലാണ് താമസിച്ചു വരുന്നത്. ജെസ്വീനയുടെ ആരോഗ്യകാര്യങ്ങളില്‍ കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശാ വര്‍ക്കര്‍ കെ.ശ്രീജ ക്വാര്‍ട്ടേഴ്‌സിലെത്തി ചികിത്സയെ കുറിച്ചും മറ്റും വിവരിച്ചു നല്‍കിയിരുന്നു.
കൃത്യമായ തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാത്ത ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ പറയാറില്ലെന്ന് പഞ്ചായത്തംഗം ഇ.കെ.അജിത പറഞ്ഞു.ബന്ധുക്കളുടെ സഹായത്തോടെ നടന്ന പ്രസവത്തെ തുടര്‍ന്ന് രക്ത സ്രാവമുണ്ടാകുകയും ഉടന്‍ കുഴഞ്ഞു വീഴുകയും ചെയ്തതായും തുടര്‍ന്ന് പഞ്ചായത്തംഗം കെ.സി.സീമയും മറ്റു ബന്ധുക്കളും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകായിരുന്നു.
സംഭവ ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഇവരുടെ ഭര്‍ത്താവ് റഫീക്കുല്‍ ഇസ്ലാം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. മയ്യില്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ജെസ്വീനയുടെ സഹോദരന്‍ അസമില്‍ നിന്നെത്തിയതിനു ശേഷം സംസ്‌കാരം നടത്തും. മയ്യില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Woman dies after giving birth at home
































