തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരത്ത് മാത്രം അഞ്ചു പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്.എട്ടു ദിവസത്തിനിടെ പത്തുപേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. അതേസമയം, 10 മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അതിൽ 22 പേർക്ക് ജീവൻ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരുടെയും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു.
ആരോഗ്യവകുപ്പ് സംസ്ഥാനത്ത് രോഗ ബാധയുമായി ബന്ധപ്പെട്ട് കർശന ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ ശരീരത്തിലേക്ക് എത്തുകയും ശേഷം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്ക ജ്വരം. അതിനാൽ തന്നെ കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ ജലാശയങ്ങളിൽ ഇറങ്ങുന്നതും നീന്തൽ കുളങ്ങളിൽ ഇറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകുന്നു.
ameoba