പാപ്പിനിശേരി: കല്ലൂരിക്കടവ് പാലത്തിന്റെ പുതുക്കിയ ഡി പി ആറിന് കിഫ്ബിയിൽ നിന്നുള്ള സാമ്പത്തികാനുമതി ലഭിക്കുന്നതോടെ തുടർനടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള കെ വി സുമേഷ് എംഎൽ.എയുടെ സബ്‌മിഷന് നിയമസഭയിൽ മറുപടിയായാണ് മന്ത്രി അറിയിച്ചത്.
അഴീക്കോട് മണ്ഡലത്തിലെ നാറാത്ത് പാപ്പിനിശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലം പ്രപ്പോസൽ സഭയിലും പുറത്തുമായി പലവട്ടം ചർച്ചയായതാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്തിരിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നീളം വർധിപ്പിക്കുകയും അലൈൻമെന്റ് പുതുക്കുകയും ചെയ്തതിനെ തുടർന്ന് പുതുക്കിയ ഡി.പി.ആർ തയ്യാറാക്കി. നിലവിൽ 46.49 കോടി രൂപ ചെലവ് കണക്കാക്കുന്ന റിവൈസ്ഡ് ഡി പി ആർ സാമ്പത്തികാനുമതിക്കായി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഭൂ ഉടമകളിൽ നിന്ന് സ്ഥലം സൗജന്യമായി ഏറ്റെടുത്ത് നിർവഹിക്കാനാണ് ആദ്യം വിഭാവനം ചെയ്തിരുന്നത്. എന്നാൽ പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളിലെ ഭൂഉടമകളുമായി നടത്തിയ യോഗങ്ങളിൽ സ്ഥലമൊഴിവാക്കാൻ സമ്മതം ലഭിച്ചിട്ടില്ല. ഇതിനെ തുടർന്ന് ഭൂമിയേറ്റെടുക്കൽ നടപടികൾ ആവശ്യമായി വന്നിരിക്കുകയാണെന്നും മറ്റ് സാങ്കേതിക നടപടി പൂർത്തിയാകുന്നതോടെ പാലം പ്രവൃത്തി വേഗത്തിലാകുമെന്നും മന്ത്രി അറിയിച്ചു.
Kallurikadavu Bridge




































