കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അഭിമാന നേട്ടങ്ങളായി പരാമർശിക്കുന്ന കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ മാത്രമല്ല സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് കൈവരിച്ചിട്ടുള്ളതാണ്. ഇത് കേരളത്തിന്റെ വികസന പുരോഗതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഉൾച്ചേർക്കുന്ന വികസനത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അധികാരം താഴെ തട്ടിലേക്ക് വികേന്ദ്രീകരിച്ചു എന്നതാണ്. ആ അധികാരം പ്രയോഗിക്കാൻ ആവശ്യമായിട്ടുള്ള വിഭവങ്ങൾ താഴെതലത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി എന്നത് പ്രധാനമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തദ്ദേശസ്ഥാപനങ്ങൾ വെറും സ്ഥാപനങ്ങൾ അല്ല പ്രാദേശിക സർക്കാരുകളാണ്. പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് കേരളം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളുടെ പിന്നിലു ള്ള കാര്യം. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള വിഹിതം ഇതിനെയെല്ലാം സാധൂകരിക്കുന്നതാണ്.
2011-12 മുതൽ 2015-26 വരെ 29500 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി. 2016 17 മുതൽ 2020 21 വരെ കൈമാറിയ തുക 52648 കോടിയാണ്.2021- 2026 വരെയുള്ള കാലയളവിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയത് 70,526 കോടി രൂപയാണ്. ഈ നിലയിൽ ക്രമാനുഗതമായ വർദ്ധനവ് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിത ഇനത്തിൽ കൈമാറിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനം കേരളമാണ് എന്നതും നാം ഇതിനോട് ചേർത്ത് വായിക്കണമെന്ന് മന്ത്രി പറഞ്ഞു.
വളരെ സുശക്തമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ് കേരളം അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തത്. ഫലപ്രദമായ ഏകോപനത്തോട് കൂടി മാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പാക്കാനാവൂ. കേരളത്തിൽ അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി താഴെത്തട്ടിൽ നിർവഹിച്ചത് തദ്ദേശസ്ഥാപനങ്ങളാണ്. അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താൻ നാം സ്വീകരിച്ചത് പരമ്പരാഗതമായിട്ടുള്ള രീതിയല്ല. പഴുതടച്ച പങ്കാളിത്ത പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കിയത്. ആരോഗ്യപരമായ മത്സരബുദ്ധിയോടെ ഓരോ തദ്ദേശ സ്ഥാപനവും അതി ദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയത് അഭിനന്ദനാർഹമാണ്. അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കിയ കേരളത്തെ, ലോകത്തിലെ ഏറ്റവും വിഖ്യാതമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ ‘ദി എക്കണോമിസ്റ്റ്’ ഇന്ത്യയുടെ വികസന ചാമ്പ്യനായാണ് വിശേഷിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ കേരളത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളിൽ ഒന്നാണ്. കേരളത്തിലെ എല്ലാ നഗരസഭകളുടെയും റാങ്ക് ആയിരത്തിന് താഴെ എത്തിക്കാൻ സാധിച്ചു.ഒരു വാർഡിൽ മിനി എംസിഎഫ് സ്ഥാപിക്കാൻ കേരളത്തിൽ സാധിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് കേരളത്തിൽ മുൻപുണ്ടായിരുന്ന 7000 ത്തിൽ നിന്ന് 22838 മിനി എംസിഎഫുകൾ സ്ഥാപിക്കാൻ കഴിഞ്ഞു. നാട്ടിൽ ആകെ ഉണ്ടായ മാറ്റത്തെയാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്കരണത്തിൽ കേരളത്തിലെ ഹരിത കർമ്മ സേന രാജ്യത്തിന് മാതൃകയായ ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. 2024-25 ൽ മാത്രം 152,000 ടണ്‍ അജൈവ മാലിന്യങ്ങളാണ് ഹരിത കർമ്മ സേന ശേഖരിച്ചത്. അവ ശാസ്ത്രീയമായി സംസ്കരിക്കുവാനും നമുക്ക് കഴിഞ്ഞു. അതുവഴി ലക്ഷക്കണക്കിന് കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാൻ കഴിഞ്ഞു എന്ന് പരിസ്ഥിതി പ്രവർത്തകർ തന്നെ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് ഏറ്റവും വലിയ ക്ലൈമറ്റ് ആക്ഷനാണ് ഹരിത കർമ്മസേന വഴി നടക്കുന്നത്. ഹരിത കർമ്മ സേനയെ ശക്തീകരിക്കുന്നതിനുള്ള നിയമം ഭേദഗതികൾ ഉൾപ്പെടെ നൽകി സംസ്ഥാന സർക്കാർ പിന്തുണച്ചതുകൊണ്ടാണ് ഈ സാമൂഹിക അംഗീകാരം സേനയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ആർ ആർ എഫുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു. മാലിന്യം ശേഖരിക്കുന്നതിന്റെ ഡിജിറ്റൽ മോണിറ്ററിങ് നടത്താൻ കഴിഞ്ഞു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് സംസ്കാര ശൂന്യമാണ് എന്ന ബോധ്യം വലിയതോതിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു. 4000 അധികം കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാലിന്യം പൊതുസ്ഥലത്തിൽ തള്ളിയതിനെതിരെ ചുമത്തിയ പിഴ പന്ത്രണ്ടര കോടിയോളം രൂപയാണെന്നും മന്ത്രി പറഞ്ഞു.150 ടൺ ജൈവമാലിന്യം പ്രതിദിനം സംസ്കരിക്കാൻ പറ്റുന്ന കേരളത്തിലെ ആദ്യത്തെ പ്ലാന്റ് ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ബ്രഹ്മപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേരളം നേരിട്ട മറ്റൊരു പ്രശ്നമായിരുന്നു സാനിറ്ററി മാലിന്യങ്ങളുടെ സംസ്കരണം. 120 ടൺ സാനിറ്ററി മാലിന്യം സംസ്കരിക്കാൻ ആവശ്യമായ നാല് മേഖലാ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുകയാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ കേരളം സാനിറ്ററി മാലിന്യം പൂർണമായും സംസ്കരിക്കാനുള്ള ശേഷി കൈവരിക്കും. ബ്രഹ്മപുരം ഉൾപ്പെടെ 24 മാലിന്യമലകൾ സംസ്ഥാനത്തു നിന്നും ഇല്ലാതാക്കാൻ കഴിഞ്ഞു. ഇവിടങ്ങളിൽ പ്ലാന്റുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സേവനങ്ങളെ ഡിജിറ്റൽ ആക്കാൻ സാധിച്ചു എന്നത് സർക്കാരിന്റെ വിപ്ലവകരമായ ഒരു നേട്ടമാണ്. കെ സ്മാർട്ട് എന്ന ഏകീകൃത സോഫ്റ്റ്‌വെയർ തദ്ദേശസ്ഥാപനങ്ങൾക്കായി ആവിഷ്കരിച്ചതിലൂടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
കാൽ നൂറ്റാണ്ട് കൊണ്ട് കേരളത്തിൽ ഉണ്ടായ ഒരു ചരിത്ര സംഭവം കുടുംബശ്രീയുടെ നവീകരണമാണ്. ആഗോള വിപണികളിലേക്ക് ചുവടുവെക്കുകയാണ് കുടുംബശ്രീ. കുടുംബശ്രീയുടെ ബ്രാൻഡ് ഉൽപന്നങ്ങൾ കേരളത്തിൽ മാത്രമല്ല ലോകത്തിൽ തന്നെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുക എന്ന് ഉത്തരവാദിത്വവും കുടുംബശ്രീ ഏറ്റെടുത്തു കഴിഞ്ഞു. വിജ്ഞാന കേരളം പദ്ധതിയോടൊപ്പം ചേർന്ന് 78000 പേർക്ക് തൊഴിൽ കൊടുക്കാൻ കുടുംബശ്രീ കഴിഞ്ഞു. കേരള ചിക്കൻ ഉൾപ്പെടെ കുടുംബശ്രീ പുതിയ വളർച്ചയുടെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.
പാർലമെന്റിൽ അവതരിപ്പിച്ച ഇക്കണോമിക്സ് സർവ്വേയിൽ രാജ്യത്ത് ഏറ്റവും വേഗതയിൽ നഗരവൽക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം എന്ന പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരവൽക്കരണം ഉയർത്തുന്ന സാധ്യതകളെയും വെല്ലുവിളികളെയും മുൻകൂട്ടി തന്നെ സംസ്ഥാന സർക്കാർ കണ്ടു. 2023 ൽ നഗര നയം ആവിഷ്കരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ വിദഗ്ധർ അടങ്ങിയ ഒരു കമ്മീഷനെ 2023 തന്നെ നിയമിച്ചു. 2025 ൽ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ചു. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച മന്ത്രിസഭ നഗരനയത്തിന് അംഗീകാരം നൽകി. ഇന്ത്യയിൽ ആദ്യമായി നഗരമായ ആവിഷ്കരിക്കുന്ന സംസ്ഥാനം എന്ന നേട്ടവും കേരളം നേടിയെന്നും മന്ത്രി പറഞ്ഞു.
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. സാർവത്രികമായ പാലിയേറ്റീവ് കെയർ സംവിധാനമുള്ള ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
സർവീസ് ഗ്രാന്റിംഗ്, ഇ എച്ച് ആർ എം എസ്, സി ടി പി ഹെറിറ്റേജ് റിലേറ്റസ് വെബ്സൈറ്റ് എന്നീ പദ്ധതികളുടെ ലോഞ്ചിങ്ങും മന്ത്രി നിർവഹിച്ചു.
എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷനായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, പ്രിൻസിപ്പൽ ഡയറക്ട്രേറ്റ് അർബൻ ഡയറക്ടർ സൂരജ് ഷാജി,
പ്രിൻസിപ്പൽ ഡയറക്ട്രേറ്റ് റൂറൽ ഡയറക്ടർ അപൂർവ്വ ത്രിപാഠി എന്നിവർ മുഖ്യാതിഥികളായി.
ആന്തൂർ മുൻസിപ്പൽ ചെയർപേർസൺ വി. സതിദേവി, പ്രിൻസിപ്പൽ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ എം.പി. അജിത് കുമാർ, കേരള മേയേഴ്‌സ് കൗൺസിൽ പ്രസിഡൻ്റ് എം അനിൽകുമാർ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബബിത കുമാരി, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ടി ഷബ്‌ന, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം. കൃഷ്ണൻ, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്സ് ചേംബർ ചെയർപേഴ്‌സൺ കെ.ജി. രാജേശ്വരി, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് കെ.എം ഉഷ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ വൈസ് ചെയർമാൻ ജമാൽ മണക്കാടൻ, തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
State Indigenous Peoples Day Celebration in Kannur





































