കാസര്‍കോട്: കാസര്‍കോട് ജില്ലയെ ഒരു കാലത്ത് വിറപ്പിച്ച കുപ്രസിദ്ധ കൊലയാളി 'റിപ്പര്‍ ചന്ദ്രന്‍' കേസിലെ നിര്‍ണ്ണായക ദൃക്സാക്ഷിയായിരുന്ന ബാലചന്ദ്രയെ (53) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ശാസ്താ ക്ഷേത്രത്തിനടുത്തുള്ള വസതിയിലാണ് അദ്ദേഹത്തെ മൃതദേഹം കണ്ടത്. മൂന്ന് ദിവസമായി ഫോണ്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് മംഗളൂരുവിലുള്ള സഹോദരി ശശികല ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.
വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസ് വാതില്‍ പൊളിച്ച് അകത്തുകയറിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. പരേതരായ നരസപ്പയ്യ ഹന്തെ-ഇന്ദിര ഹന്തെ ദമ്പതികളുടെ മകനായ ബാലചന്ദ്ര, പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂജാരിമാരുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു. 1985-ല്‍ നടന്ന വാമഞ്ചൂര്‍ ഇരട്ടക്കൊലപാതകത്തിന്റെ ഏക ദൃക്സാക്ഷിയായിരുന്നു അന്ന് 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബാലചന്ദ്ര. അന്ന് അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ റിപ്പര്‍ ചന്ദ്രന്‍, ബാലചന്ദ്രയുടെ പിതാവ് നരസപ്പയ്യ ഹന്തെയെയും ജോലിക്കാരനായ വിശ്വനാഥനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മാതാവ് ഇന്ദിരയെയും ക്രൂരമായി ആക്രമിച്ചു. തലയ്ക്ക് മാരകമായി പരിക്കേറ്റ ഇന്ദിര മാസങ്ങളോളം അബോധാവസ്ഥയിലായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ ബാലചന്ദ്രയും സഹോദരിമാരും വീട്ടിലുണ്ടായിരുന്നു.
വാമഞ്ചൂര്‍ കൊലക്കേസ് ഉള്‍പ്പെടെ 14 ഓളം കൊലപാതകങ്ങള്‍ നടത്തിയ റിപ്പര്‍ ചന്ദ്രനെ തൂക്കുമരത്തിലേക്ക് നയിച്ചത് ബാലചന്ദ്രയുടെ മൊഴിയായിരുന്നു. ബാലചന്ദ്ര നല്‍കിയ പതറാത്ത മൊഴിയാണ് കോടതി റിപ്പര്‍ ചന്ദ്രന് വധശിക്ഷ വിധിക്കാന്‍ പ്രധാന കാരണമായി കണ്ടത്. മറ്റ് കേസുകളില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ചന്ദ്രനെ, വാമഞ്ചൂര്‍ കേസിന്റെ അടിസ്ഥാനത്തില്‍ 1991-ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. ഒരു കാലഘട്ടത്തെ ഭീതിയിലാഴ്ത്തിയ കൊലയാളിക്ക് നിയമം അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയുടെ വിയോഗം നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംശയകരമായ സാഹചര്യമില്ലെന്നാണ് പ്രാഥമിക നിഗമനം.
Balachandra































