തളിപ്പറമ്പ: നോർത്ത് കുപ്പം സി എച്ച് നഗറിൽ പ്രദേശവാസികളെ വലച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് തളിപ്പറമ്പ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് മാറ്റി സ്ഥാപിച്ചു. സി.എച്ച് നഗറിലെ ഓവുചാലിന് തടസ്സമായി നിന്നിരുന്ന പോസ്റ്റ് മാറ്റിയതോടെ പ്രദേശത്തെ വെള്ളക്കെട്ട് ഭീഷണിക്ക് ഒരു പരിധിവരെ പരിഹാരമായിരിക്കുകയാണ്.
ഓവുചാലിലെ പ്രധാന തടസ്സമായിരുന്ന ഈ പോസ്റ്റ് കാരണം വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും, മഴസമയത്ത് ചളിവെള്ളം കലങ്ങി മുകളിലേക്ക് വരുന്നത് പതിവാകുകയും ചെയ്തിരുന്നു.പോസ്റ്റ് മാറ്റിയതോടെ ഏറെ ആശ്വാസമായി.ഇതിനുപുറമെ കപ്പണത്തട്ടിലേയും സമീപ ഭാഗങ്ങളിലേയും വെള്ളം ഒഴുകിപ്പോകുന്ന താത്ക്കാലിക ഓവുചാലുകളിൽ കോൺക്രീറ്റ് പേസ്റ്റ് ചെയ്ത് ബലപ്പെടുത്തിയതും ടി കെ ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായാണ്.
പോസ്റ്റ് മാറ്റുന്നതിനായി 10,000 രൂപ പഞ്ചായത്ത് കെട്ടിവെക്കണമെന്ന കെ.എസ്.ഇ.ബി നിലപാടും ഫണ്ട് അനുവദിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും കാരണം പ്രവൃത്തി അനിശ്ചിതത്വത്തിലായിരുന്നു. പഞ്ചായത്ത് പണം നൽകുന്നില്ലെങ്കിൽ തങ്ങൾ സ്വരൂപിക്കാമെന്ന് വരെ നാട്ടുകാർ ഇലക്ട്രിസിറ്റി ഓഫീസിനെ അറിയിച്ചിട്ടും നടപടികൾ വൈകുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച എം.എൽ.എ പ്രശ്നത്തിന്റെ ഗൗരവം നേരിട്ട് മനസ്സിലാക്കി ഇലക്ട്രിസിറ്റി ഓഫീസുമായി ബന്ധപ്പെട്ടു. ഇതിന്റെ ഫലമായി, യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ലാതെ ഇന്ന് രാവിലെ 7:30-ഓടെ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചു. പ്രദേശത്തെ പ്രധാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ട എം.എൽ.എയുടെ പ്രവർത്തനത്തെ കുപ്പം ആക്ഷൻ കമ്മിറ്റിയും നോർത്ത് കുപ്പം നിവാസികളും ഹൃദയപൂർവ്വം അഭിനന്ദിച്ചു.
Content Highlight: electric post

































