കണ്ണൂർ ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിൽ മുട്ടയിടൽ കാലയളവിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതിനെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പ്രാദേശികമായി 'ഊത്ത പിടിത്തം' എന്നറിയപ്പെടുന്ന ഇത്തരം പ്രവൃത്തികൾ മത്സ്യവംശനാശത്തിനും ജലജീവിവൈവിധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജുഗ്‌നു ആർ അറിയിച്ചു.
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ നിയമങ്ങൾ പ്രകാരം ജൂൺ-ജൂലൈ മാസങ്ങളിലെ മുട്ടയിടൽ കാലത്ത് മത്സ്യങ്ങളെ അനധികൃതമായി പിടികൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഇത് ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനനത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും വകുപ്പ് അഭ്യർഥിച്ചു. അടക്കംകൊല്ലി വല, 20 മില്ലീമീറ്ററിൽ കുറവ് കണ്ണിവലിപ്പമുള്ള വല, വൈദ്യുതി ഉപയോഗിച്ചുള്ള മത്സ്യബന്ധനം, തോട്ട പൊട്ടിക്കൽ, വിഷം കലക്കൽ തുടങ്ങിയ രീതികളിലുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ഇത്തരം അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ കണ്ണൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമീപത്തെ മത്സ്യഭവനുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Content Highlight: Fishing































