കണ്ണൂർ: തളിപ്പറമ്പ് നഗരസഭാ പരിധിയിലെ നൂറുകണക്കിന് ഏക്കർ ഭൂമി വഖഫ് സ്വത്തായി UMMID പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ടതായി പുറത്തുവന്ന വിവരങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ പ്രസ്താവനയിൽ പറഞ്ഞു.
വർഷങ്ങളായി ഭൂനികുതി അടച്ചും ആധാരവും റവന്യൂ രേഖകളും കൈവശം വച്ചും ജീവിക്കുന്ന സാധാരണ ജനങ്ങളുടെ ഭൂമിക്ക് മേൽ വഖഫ് അവകാശവാദം ഉയരുന്ന സാഹചര്യം അതീവ ഗൗരവമുള്ളതാണ്. മുനമ്പം വിഷയത്തിൽ കേരളം കണ്ട ആശങ്കകൾക്ക് സമാനമായ സാഹചര്യമാണ് തളിപ്പറമ്പിലും രൂപപ്പെടുന്നത്.
ഈ വിഷയത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ പങ്ക് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്. പ്രത്യേകിച്ച് തളിപ്പറമ്പ് പ്രദേശത്തെ ചില സിപിഎം നേതാക്കളുടെ ഇടപെടലുകളെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുകയാണ്. ജനങ്ങളുടെ ഭൂസ്വത്തവകാശത്തെ ബാധിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾക്കോ വോട്ടുബാങ്ക് രാഷ്ട്രീയത്തിനോ വേണ്ടി ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം
വഖഫ് ബോർഡ് ചെയർമാൻ തന്നെ ഭൂമി UMMID പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ, ഈ രജിസ്ട്രേഷനിലേക്ക് നയിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും ആരൊക്കെയാണ് ഇതിന് ശുപാർശ നൽകിയതെന്നും പൊതുജനങ്ങൾ അറിയാൻ അർഹരാണ്.
തളിപ്പറമ്പിലെ ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് റവന്യൂ വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, വഖഫ് ബോർഡ് എന്നിവയുടെ രേഖകൾ സംയുക്തമായി പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തണം. നിയമപരമായി ഭൂമി കൈവശം വച്ചിരിക്കുന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ സ്വത്തവകാശത്തെക്കാൾ വോട്ടുബാങ്ക് രാഷ്ട്രീയം വലുതല്ല. തളിപ്പറമ്പിലെ ജനങ്ങളുടെ ഭൂമിയുടെയും അവകാശങ്ങളുടെയും മേലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ.പി. ഗംഗാധരൻ ആവശ്യപ്പെട്ടു.
Content Highlight: A P Gangadharan


































