തളിപ്പറമ്പ്: കോർട്ട് റോഡിൽ മദ്യപിച്ചെത്തുന്നവരുടെ ശല്യം വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നതായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആരോപിച്ചു. പ്രത്യേകിച്ച് ഞായറാഴ്ചകളിൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ദിവസേന മദ്യപിച്ചെത്തുന്ന ചിലർ വ്യാപാര സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും മുന്നിലും റോഡിലും കിടക്കുകയും ആളുകളുടെ സഞ്ചാരത്തിനും വാഹനഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് കെ. എസ്. റിയാസ് പറഞ്ഞു. ഇതുമൂലം വ്യാപാരികൾക്കും തൊഴിലാളികൾക്കും പട്ടണത്തിലെത്തുന്ന പൊതുജനങ്ങൾക്കും നിരന്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന ഒരാൾ റോഡിൽ വീണ് തലക്ക് പരിക്കേറ്റതിനെ തുടർന്ന് വ്യാപാരികൾ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്ന സാഹചര്യമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടസാധ്യത ഒഴിവാക്കുന്നതിനും പട്ടണത്തിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായി യാത്ര ചെയ്യാനും വ്യാപാരം നടത്താനുമുള്ള സാഹചര്യം ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധികാരികളും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Content Highlight: Nuisance caused by drunkards is rampant on Taliparamba Court Road; Merchants' Association demands urgent action




































