തളിപ്പറമ്പ്: ലഹരി മാഫിയയുടെ വധഭീഷണിക്കും സമൂഹത്തിൽ അപകീർത്തിപ്പെടുത്താനുളള ശ്രമങ്ങൾക്കും മുസ് ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തളർത്താനാകില്ലെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ രണ്ടുമാസമായി 'കാവൽ' എന്ന പേരിൽ യൂത്ത് ലീഗ് നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ശക്തമായി തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.
തളിപ്പറമ്പ് പൊലീസും തളിപ്പറമ്പ് എക്സൈസും നടത്തുന്ന ലഹരി വേട്ടയ്ക്ക് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി മികച്ച പിന്തുണയാണ് നൽകുന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും സാക്ഷി മൊഴി അടക്കം നൽകുകയും ചെയ്തിരുന്ന യൂത്ത് ലീഗ് പ്രവർത്തകരെ, ലഹരി മാഫിയ സംഘം ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും സാമൂഹികമായി അപമാനിക്കാൻ ശ്രമിക്കുകയുമാണ്.
വാട്സ് ആപ്പ് കോളിൽ വന്ന ശേഷം വധ ഭീഷണി മുഴക്കുകയാണ്. ഞങ്ങൾ വലിയ സംഘമാണ്. കുറച്ചു പേരെ നിയമത്തിന് മുന്നിൽ എത്തിച്ചാൽ തകർക്കാനാകില്ല. കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്യുന്നതായി യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു. അടുത്ത കാലത്തായി തളിപ്പറമ്പ് പ്രദേശങ്ങളിൽ പൊലിസും എക്സൈസും നടത്തിയ ലഹരി വേട്ടയ്ക്ക് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സഹായം നൽകിയിരുന്നു.
ഇതിനു ശേഷമാണ് ഭാരവാഹികൾക്കും സാക്ഷി മൊഴി നൽകിയവർക്കും ഭീഷണി കോൾ വന്നു തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് നമ്പർ സഹിതം തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്. ഭീഷണികളോ അധിക്ഷേപങ്ങളോ കൊണ്ട് മുസ്ലിം യൂത്ത് ലീഗിനെ ലഹരിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കാം എന്നത് വ്യാമോഹമാണെന്ന് നേതാക്കൾ വ്യക്തമാക്കി.
തുടർന്നും ലഹരി മാഫിയയ്ക്ക് പിന്തുണ നൽകുന്നവർക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും തെറ്റായ സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധപ്പെട്ടു പോയ യുവാക്കൾക്ക് ഇതിൽ നിന്ന് പിന്മാറുന്നതിന് യൂത്ത് ലീഗ് സഹായം നൽകുമെന്നും ലഹരിമുക്ത തളിപ്പറമ്പ് എന്ന ലക്ഷ്യത്തിനായി ജാതി മത രാഷ്ട്രീയത്തിനതീതമായി തളിപ്പറമ്പിലെ പൊതുസമൂഹം നിയമപാലകരുമായി കൈകോർക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കെ. മുഹമ്മദ് അഷ്റഫ്, പി.എ. ഇർഫാൻ, കെ.എസ്. ഉമ്മർ, സി.പി. നൗഫൽ, കെ.എസ്. റഫീഖ് എന്നിവർ പങ്കെടുത്തു.
Content Highlight: Youth League vows to continue the fight for a 'drug-free Taliparamba'





































