തിരുവനന്തപുരം: സംസ്ഥാനത്തെ 51 ലക്ഷത്തിലധികം പേർക്ക് ആശ്വാസമായി ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 51,11,908 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ ഗുണഭോക്താക്കളാണിവർ.
ഇതുകൂടാതെ ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46,456 പേർക്കും പെൻഷൻ ലഭിക്കുന്നുണ്ട്. അടുത്ത മാസം മൂന്നാം തീയതിക്ക് മുൻപ് മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന ഉത്തരവ്. സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ എന്നിവ വഴിയാണ് പെൻഷൻ വിതരണം നടക്കുക.
അതേസമയം പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യുന്നതിനായി മുൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. പെൻഷൻ കമ്പനിക്ക് വായ്പയായി തുക സമാഹരിക്കുന്നതിനാണ് ഈ കൺസോർഷ്യം രൂപീകരിച്ചത്.
9 ശതമാനം പലിശയിൽ 3000 കോടി രൂപ സമാഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ 1325 കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. സർക്കാരിൽ നിന്ന് തുക തിരികെ കിട്ടുന്നതിൽ കാലതാമസമുണ്ടെന്ന പരാതി സഹകരണ സംഘങ്ങൾ ഉയർത്തിയിരുന്നു.ഈ സാഹചര്യത്തിൽ പുതിയ കൺസോർഷ്യത്തിനുള്ള സാധ്യതകൾ യുഡിഎഫ് സർക്കാർ പരിശോധിക്കുന്നുണ്ട്.
പെൻഷൻ വിതരണം സുഗമാക്കുന്നതിന് ബദൽ മാർഗങ്ങൾ ആലോചിക്കുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.നിരവധി കുടുംബങ്ങളുടെ ഏക വരുമാന മാർഗമാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ. അതിനാൽ കൃത്യസമയത്ത് പെൻഷൻ വിതരണം ഉറപ്പാക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.
Content Highlight: Distribution of welfare pensions for July begins tomorrow.





































