തളിപ്പറമ്പ്: ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് സെക്കൻഡുകൾക്കുള്ളിൽ സിപിഎം നേതാവിന്റെ പണം സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തു. സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും പാപ്പിനിശ്ശേരി കല്യാശ്ശേരി സഹകരണ ബാങ്ക് കൂളിച്ചാൽ ശാഖാ മാനേജരുമായ അശോക് കുമാറിന്റെ 35997 രൂപയാണ് നഷ്ടമായത്.

അശോക് കുമാറിന് കാനറാ ബാങ്ക് ധർമ്മശാല ശാഖയിൽ അക്കൗണ്ട് ഉണ്ട്. ഇന്നലെ കാനറാ ബാങ്കിൽ നിന്നാണെന്ന രീതിയിൽ ബാങ്കിന്റെ ഒറിജിനൽ ലോഗോ സഹിതം ഉള്ള സന്ദേശം മൊബൈൽഫോണിൽ എത്തി. ആധാർ അപ്ഡേഷനുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. അശോക് കുമാർ സന്ദേശം തുറന്ന് നോക്കുക മാത്രമാണ് ചെയ്തത്.
സെക്കന്റുകൾക്കുള്ളിൽ പണം ട്രാൻസ്ഫറായി എന്ന സന്ദേശം അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ എത്തി. ഉടൻ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട അശോക് കുമാർ അക്കൗണ്ട് ബ്ലോക്ക് ചെയ്തു തളിപ്പറമ്പ് പോലീസിൽ പരാതിയും നൽകി.
Cyber crime