ചെറിയച്ഛന്റെ സ്നേഹം പകുത്തുപോകുന്നെന്ന തോന്നലാണ് കുഞ്ഞിനെ ഒഴിവാക്കാന്‍ പ്രേരണയായതെന്ന് കണ്ണൂരിലെ പന്ത്രണ്ടുകാരി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. മാതാപിതാക്കള്‍ ഒപ്പമില്ലാത്തതിനാല്‍ അച്ഛന്‍റെ അനിയനൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത് . നാലുമാസം മുമ്പാണ് ചെറിയച്ഛന് കുഞ്ഞു പിറന്നത് . കഴിഞ്ഞമാസമാണ് 12കാരി പെണ്‍കുട്ടിയെ കണ്ണൂരിലേക്ക് കൊണ്ടുവന്നത് .അന്നുമുതല്‍ പെണ്‍കുട്ടിക്ക് കുഞ്ഞിനോട് പകയായി.

കുഞ്ഞിനോടുള്ള കരുതല്‍ കാണുമ്പോള്‍ ചെറിയച്ഛന് തന്നോട് സ്നേഹമല്ലാതായെന്ന് തോന്നിത്തുടങ്ങിയതാണ് ദേഷ്യത്തിന് കാരണമായതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ മറ്റുള്ളവര്‍ ലാളിക്കുന്നത് സഹിക്കാനായില്ല. ഇതേ തുടര്‍ന്ന് കുഞ്ഞിന്‍റെ വാക്സിനേഷന്‍ രേഖകളും കാര്‍ഡും താന്‍ ടെറസിനു മുകളില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും കുട്ടി മൊഴി നല്‍കി.
പിന്നീട് ഈ വാക്സിനേഷന്‍ രേഖകള്‍ സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാലിത് ചെയ്തത് ചേച്ചിതന്നെയാണെന്ന് ആദ്യം ആര്‍ക്കും തോന്നിയില്ല . തനിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നെന്ന് മരിച്ച കുഞ്ഞിന്‍റെ അച്ഛന്‍ പൊലീസിനെ അറിയിച്ചു. ചെറിയച്ഛനോട് വലിയ അടുപ്പമായിരുന്നു ,എന്നാല്‍ കുഞ്ഞെത്തിയ ശേഷം അത് തിരിച്ചു ലഭിച്ചില്ലെന്നും കുട്ടി മൊഴി നല്‍കി.
തന്നോടുള്ള സ്നേഹം പകുത്തുപോകുന്നതിന്‍റെ പ്രയാസം തന്നെയാണ് പന്ത്രണ്ടുകാരിയെ ഈ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നു തന്നെയാണ് പൊലീസും കരുതുന്നത്. ഇന്ന് കുട്ടിയെ സിഡബ്ല്യുസിയ്ക്ക് മുന്‍പാകെ ഹാജരാക്കുന്നുണ്ട്. കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലിലാണ് നാലുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കാണുന്നില്ലെന്ന് പറഞ്ഞ് പന്ത്രണ്ടുകാരി ബഹളം വച്ചതോടെയാണ് കുടുംബം കുഞ്ഞിനെ തിരയുന്നത്. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വാടകക്വാര്‍ട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. കുഞ്ഞിന്‍റെ അച്ഛന്‍റ ജേഷ്ഠന്‍റെ കുട്ടിയാണ് പന്ത്രണ്ടുകാരി. കുട്ടിയുടെ അച്ഛന്‍ മരിക്കുകയും അമ്മ ഉപേക്ഷിച്ചുപോവുകയും ചെയ്തതോടെയാണ് കുട്ടിയെ ഇവര്‍ കണ്ണൂരിലേക്ക് കൊണ്ടുവരുന്നത്.
Murder of child