കല്യാശ്ശേരി മണ്ഡലത്തിലെ ഉപ്പുവെള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാനുളള പ്രതിരോധ പ്രവൃത്തികൾ നടന്നു വരികയാണ് അതോടൊപ്പം പുതിയ പദ്ധതികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. നിയമസഭയിൽ എം വിജിൻ എംഎൽഎ യുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറി കിണറുകളിലെ കുടിവെള്ളം ഉപയോഗ ശൂന്യമാകുകയും, വയലുകളിൽ കൃഷി ചെയ്യുന്നതിനോ സാധിക്കുന്നില്ലെന്നും, കണ്ണപ്പുരം പുഞ്ചവയൽ, ചെറുകുന്ന്, മാടായി, ഏഴോം, പട്ടുവം പഞ്ചായത്തുകളിൽ ഉൾപ്പടെ ഉപ്പുവെള്ള പ്രശ്നം രൂക്ഷമായെന്നും
ഇരിണാവ് റഗുലേറ്റർ കം ബ്രിഡ്‌ജിൻ്റെ നിലവിലുള്ള ആർ.സി.ബി. റെഗുലേറ്റർ മാത്രമായി നിലനിർത്തി ഉപയോഗശൂന്യമായ ഷട്ടർ മാറ്റി പുതിയ ഷട്ടർ സ്ഥാപിക്കുന്നതിനും പുഴയോരങ്ങൾ മൺതിട്ട കെട്ടി സംരക്ഷിക്കുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും എം വിജിൻ എം.എൽ.എ സമ്പ്മിഷനിൽ ആവശ്യപ്പെട്ടു.
കല്ല്യാശ്ശേരി മണ്ഡലത്തിലെ 10 ഗ്രാമപഞ്ചായത്തുകളിലെ (കല്ല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ, മാടായി, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി പാണപ്പുഴ, ഏഴോം, പട്ടുവം) ഉപ്പുവെള്ള പ്രതിരോധ ബണ്ടുകളുടെ പ്രവൃത്തിക്ക് 4 കോടി രൂപ ഭരണാനുമതി നൽകുകയും ഇതിൽ 15 പ്രവൃത്തികളിൽ 9 പ്രവൃത്തികൾ പൂർത്തീകരിക്കുകയും 5 പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചെറുകുന്ന് ഗ്രാമ പഞ്ചായത്തുൾപ്പെടുന്ന മേഖലകളിൽ ഉപ്പുവെള്ള പ്രതിരോധാവശ്യാർത്ഥം മുട്ടിൽ കാപ്പ് റഗുലേറ്റർ കം ബ്രിഡ്ജ്, മുണ്ടപ്രം ആർ.സി.ബി എന്നീ 2 പ്രവൃത്തികൾ വിഭാവനം ചെയ്തിരുന്നു . ഇതിൽ മുട്ടിൽ കാപ്പ് റഗുലേറ്റർ കം ബ്രിഡ്‌ജ് നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടും അനുബന്ധ രേഖകളും ജലസേചന ന വകുപ്പ് മുഖേന ഐ .ഡി. ആർ. ബി ക്ക് സമർപ്പിച്ചിട്ടുണ്ട്. ഐ.ഡി.ആർ.ബിയിൽ നിന്നും ഡിസൈൻ ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ പദ്ധതി (ഡി.പി.ആർ ) തയ്യാറാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാടായി പഞ്ചായത്തിലെ നിലവിലുള്ള വെള്ളച്ചാൽ ഉപ്പുവെള്ള ബണ്ടിന്റെ പുനർ നിർമ്മാണം, മൂലക്കീൽ ബണ്ട് റിപ്പയർ എന്നീ പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ നടപടിക്ക് സമർപ്പിച്ചു.വെള്ളിക്കീൽപുഴ (കുറ്റിക്കോൽ പുഴ) പ്രദേശത്ത് ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ സ്വീകരിച്ചകായും മന്ത്രി പറഞ്ഞു.
1964 ൽ നിർമ്മിച്ച ഇരിണാവ് ബ്രിഡ്‌ജ് കാലപ്പഴക്കം കൊണ്ടും വർഷങ്ങളായി ഉപ്പുവെള്ളവുമായുള്ള നിരന്തര സമ്പർക്കം കാരണവും ആർ.സി.ബി.യുടെ ഷട്ടറുകൾ പൂർണ്ണമായും നശിച്ച് ഉപയോഗശൂന്യമാണ്. കൂടാതെ പാലത്തിൻ്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.ഇതിന് സമീപത്തായി പൊതുമരാമത്ത് വിഭാഗം പാലം നിർമ്മിച്ചിട്ടുള്ളതിനാൽ നിലവിലുള്ള ആർ.സി.ബി. റെഗുലേറ്റർ മാത്രമായി നിലനിർത്തിയാൽ മതിയാകും. ഉപയോഗശൂന്യമായ ഷട്ടർ മാറ്റി പുതിയ ഷട്ടർ സ്ഥാപിക്കണമെങ്കിൽ നിലവിലുള്ള ആർ.സി.ബിയുടെ ബലക്ഷയം പരിശോധിക്കേണ്ടതായിട്ടുണ്ട് . ഇതിനായി ഫിബ്രവരി 12 ന് KERI, Peechi അധികൃതർ പ്രസ്തുത സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. പ്രസ്തുത പരിശോധന റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
roshi augestin