തളിപ്പറമ്പ: വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടാണ് സർസയ്യിദ് കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥപനങ്ങളുടെ മേധാവികളായ സിഡിഎംഇഎയെയും അതിൻറെ ഭാരവാഹികളും സ്വീകരിക്കുന്നതെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വഖഫ് ബോർഡിൻ്റെ അനുമതിയോടെ ഉണ്ടാക്കിയ ലീസ് എഗ്രിമെൻറ് പ്രകാരം കഴിഞ്ഞ 54 വർഷമായി വാടക നൽകിയ 25 ഏക്കർ സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം നരിക്കോട്ശ്ശേരി ഇല്ലത്തിനാണെന്ന സി.ഡി.എം.ഇ.എ യുടെ നിലപാടിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
1966 ൽ തളിപ്പറമ്പ് ജുമാ മസ്ജിദ് മുതവല്ലിയായിരുന്ന കെ വി സൈനുദ്ദീൻ ഹാജി വഖഫ് ബോർഡിന് നൽകിയ ലീസ് അപേക്ഷയുടെ മേൽ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് നിബന്ധനകൾ മുൻനിർത്തിയാണ് 25 ഏക്കർ ഭൂമി ഒരു വർഷം അഞ്ചു രൂപ നിരക്കിൽ 125 രൂപ വാടക നിശ്ചയിക്കുകയും 3000 രൂപ മാനുഷം കൈപ്പറ്റുകയും ചെയ്ത് ലീസ് ഉടമ്പടിയുണ്ടാക്കിയത്. പിന്നീട് 2007 മുതൽ 3000 രൂപയായി വാടക ഉയർത്തുകയും 2016 മുതൽ 3 ലക്ഷം രൂപയും ആക്കി വാടക വർദ്ധിപ്പിക്കുകയും ചെയ്തു.
2021 വരെ തുടർച്ചയായി 54 വർഷം സിഡിഎംഇഎ തളിപ്പറമ്പ് ജുമാമസ്ജിദ് കമ്മിറ്റിക്ക് സ്ഥലത്തിൻറെ വാടക നൽകിയിരുന്നു. കഴിഞ്ഞ നാല് വർഷമായി വാടക നൽകുന്നത് മുടക്കം വരുത്തുകയും ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഹൈക്കോടതിയിൽ നൽകിയ റിട്ട ഹർജിയിലൂടെ സർ സയ്യിദ് കോളജ് സ്ഥിതി ചെയ്യുന്ന വസ്തു ഉൾപ്പെടെ നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണ് എന്ന ഗുരുതര ആരോപണമാണ് സിഡിഎംഇഎ ഉന്നയിച്ചിരിക്കുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വി ഖാലിദിനെ പോലുള്ള നിയമവിദഗ്ദരും സി.കെ. പി ചെറിയ മമ്മൂക്കേയി, പിലാകണ്ടി ഹുസൈൻ തുടങ്ങിയ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തകരും ചേർന്ന് ഉണ്ടാക്കിയ ലീസ് ആധാരം നിലവിലെ സിഡിഎംഇഎ ഭാരവാഹികൾ തള്ളിപ്പറയുകയാണ് ചെയ്തിരിക്കുന്നത്. വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നതിലൂടെ കേന്ദ്രസർക്കാർ രാജ്യത്ത് നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിന് പകരം സിഡിഎംഇഎയും അതിൻറെ ഭാരവാഹികളും വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടാണ് എടുക്കുന്നത്.
ഇതിനെതിരെ മഹല്ല് നിവാസികളും മുസ്ലിം മതസംഘടനകളും ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതി ചെയർമാൻ സി. അബ്ദുൽ കരീം തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി സെക്രട്ടറി കെ.പി.എം റിയാസുദ്ദീനും, ട്രഷറർ ചാപ്പൻ മുസ്തഫ ഹാജി, സിദ്ദീഖ് കുരിയാലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Waqf Protection Committee