പറശ്ശിനിക്കടവില്‍ മാര്‍ച്ച് മാസത്തോടെ 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ പറശ്ശിനിക്കടവിന്റെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ട് ബോട്ടുകളുടെ സര്‍വീസ് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടനാട് സഫാരി ക്രൂയിസ് മാതൃകയില്‍ കവ്വായി കായലിലും സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ വികസനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സംസ്ഥാനത്തെ പ്രധാന കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളെ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഫണ്ടുകളില്‍ നിന്നായി 3.5 കോടി രൂപ ചെലവഴിച്ച് വിപുലീകരിക്കുന്ന ബോട്ട് ടെര്‍മിനല്‍, ഒരുകോടി രൂപയുടെ പറശ്ശിനിക്കടവ് നദീ സംരക്ഷണ പദ്ധതി, 2.84 കോടി രൂപയുടെ പറശ്ശിനിക്കടവ് സൗന്ദര്യ വല്‍ക്കരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് നിര്‍വഹിച്ച ശേഷം പറശ്ശിനിക്കടവില്‍ സര്‍വീസ് തുടങ്ങിയ പുതിയ രണ്ട് ബോട്ടുകളും മന്ത്രി നാടിനു സമര്‍പ്പിച്ചു. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്നതും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ചിട്ടുള്ളതുമായ കാറ്റാ മറൈന്‍ ബോട്ടും 77 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന എസ് 25 അപ്പര്‍ ഡക്ക് ബോട്ടുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ബോട്ട് യാത്രയും നടത്തി.


പറശ്ശിനിക്കടവിലേക്ക് രാത്രി സമയങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ തയാറാകുന്നില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വേദിയില്‍ നിന്ന് ലഭിച്ച പരാതികളിലാണ് മന്ത്രി നടപടിയെടുത്തത്.
എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയുടെ മറുകരയില്‍ ജെട്ടിയും സ്റ്റേഷന്‍ ഓഫീസും സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും അതിനായി സ്ഥലം ലഭിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യമായാലുടന്‍ പദ്ധതി നിര്‍മാണം തുടങ്ങുമെന്നും എം എല്‍ എ പറഞ്ഞു.എം എല്‍ എമാരായ കെ.വി സുമേഷ്, എം വിജിന്‍, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി അജിത, കെ.പി അജിത, കെ.പി അബ്ദുള്‍ മജീദ്, ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി സതീദേവി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി പ്രേമരാജന്‍ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.വി ജയശ്രീ, യു രമ, സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി മനോജ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആഷ ബീഗം, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹാരിസ് കരീം, ഡി ടി പി സി സെക്രട്ടറി പി.കെ സൂരജ്, എം ടി ഡി സി ചെയര്‍മാന്‍ പി.വി ഗോപിനാഥ്, സ്റ്റേഷന്‍ മാസ്റ്റര്‍ കെ.വി സുരേഷ്, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
parassinikkadavu