തളിപ്പറമ്പ്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുപ്പത്തേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം രൂപീകരിച്ച ജനകീയ ആക്ഷൻ കമ്മിറ്റി നിർമ്മാണ കരാർ കമ്പനിയായ മേഘയുടെ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലവിലെ അശാസ്ത്രീയമായ പ്ലാനിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ചുടലയിൽ നിന്നും കുപ്പത്തേക്ക് സർവീസ് റോഡ് ഉണ്ടെങ്കിലും, കുപ്പത്ത് നിന്നും ചുടല ഭാഗത്തേക്ക് സർവീസ് റോഡ് നിലവിലെ പ്ലാനിൽ ഇല്ല.ഇത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കും.
പ്രധാന നഗരമായ തളിപ്പറമ്പ ഭാഗത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തിയാൽ തിരികെ കുപ്പത്ത് നിന്നും സർവീസ് റോഡിന്റെ അഭാവം മൂലം മുക്കുന്ന്,ചുടല, കോരൻപീടിക, പൊയിൽ,ഇരിങ്ങൽ,പാച്ചേനി, വായാട്,തിരുവട്ടൂർ,തോട്ടീക്കൽ തുടങ്ങി പരിയാരം പഞ്ചായത്തിലെ പ്രധാന മേഖലകളിലെ ജനങ്ങളുടെ യാത്ര പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.
ആക്ഷൻ കമ്മിറ്റി പ്രതിനിധികളുടെ ആവശ്യപ്രകാരം കരാർ കമ്പനി അധികൃതർ കഴിഞ്ഞ ദിവസം കുപ്പം പ്രദേശം സന്ദർശിച്ച് പ്ലാൻ വിശദീകരിച്ചപ്പോഴാണ് ഈ പോരായ്മ വ്യക്തമായത്.ഈ വിഷയത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ ഇതുവരെ കൃത്യമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.
ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തിക്കൊണ്ട് അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാനും പരിയാരം ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ എം ഫാറൂഖ്,കൺവീനർ ടി പി ശഫീഖ് എന്നിവർ അറിയിച്ചു.
Action Committee prepares for public protest

































