പാപ്പിനിശ്ശേരി : ഒരു മാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചു ആരംഭിച്ച പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇഴഞ്ഞുനീങ്ങുന്നതിൽ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് രംഗത്ത്.യു.ഡി.എഫ് കണ്ണൂർ ജില്ലാ കൺവീനർ അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ചീഫ് എഞ്ചിനീയർ അജിത്തുമായി ചർച്ച നടത്തി.പാലം അടച്ചിട്ട് 40 ദിവസമായിട്ടും പ്രവൃത്തിയിൽ കാര്യമായ പുരോഗതിയില്ലാത്തത് യാത്രക്കാരെയും നാട്ടുകാരെയും വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്പാൻ ഭാഗത്തെ തകർച്ച പരിഹരിക്കുന്ന ജോലികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് യു.ഡി.എഫ് സംഘം ചൂണ്ടിക്കാട്ടി
നിലവിൽ വളരെ കുറഞ്ഞ എണ്ണം തൊഴിലാളികളെ വെച്ചാണ് പണി നടക്കുന്നത്. ഇത് ജോലികൾ നീണ്ടുപോകാൻ കാരണമാകുന്നു.മാർച്ച് അവസാന വാരമോ ഏപ്രിൽ ആദ്യ വാരത്തോടെ നിർമ്മാണം പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യു.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടു.വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉടനടി ഇടപെടണമെന്നാവശ്യപ്പെട്ട് അബ്ദുൽ കരീം ചേലേരി നിവേദനം നൽകിജനങ്ങളുടെ പ്രയാസം നേരിട്ട് ബോധ്യപ്പെട്ടതായും നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചീഫ് എഞ്ചിനീയർ അജിത് യു.ഡി.എഫ് പ്രതിനിധികൾക്ക് ഉറപ്പുനൽകി.നിർമ്മാണ പുരോഗതി കൃത്യമായി നിരീക്ഷിക്കുമെന്നും പണി നീണ്ടുപോയാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടുപോകുമെന്നും അബ്ദുൽ കരീം ചേലേരി പറഞ്ഞു.
ഡിസിസി ജന സെക്രട്ടറി ബിജു ഉമ്മർ, മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി സിപി റഷീദ്, യു.ഡി.എഫ്. ചെയർമാൻ ടി.കെ. അജിത്ത്, കുക്കിരി രാജേഷ്,വി അബ്ദുൽ കരീം, കെപി ഷഫീഖ്, പി ചന്ദ്രൻ, ജാഫർ മാങ്കടവ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, ഒ.കെ. മൊയ്തീൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Pappinissery flyover repair





































