രാജ്യത്തെ പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ആവർത്തിച്ച് പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദ്ദേശം നൽകി. ദൗർലഭ്യം റിപ്പോർട്ട് ചെയ്യുമ്പോൾ ആളുകൾ കൂട്ടമായി എത്തുന്ന ദൃശ്യങ്ങൾ കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കും ഭീതിക്കും കാരണമാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരും ഈ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാചകവാതക വിതരണം സുഗമമാക്കാൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും പൂഴ്ത്തിവെയ്പ്പിനെതിരെ കർശന നടപടി തുടരുകയാണെന്നും സർക്കാർ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി ബുക്കിംഗ് ഇടവേളകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിൽ 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവുമായി ബുക്കിംഗ് കാലാവധി വർദ്ധിപ്പിച്ചു. ആഭ്യന്തര ഉൽപ്പാദനം 25 ശതമാനം വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.
എന്നാൽ പാചകവാതക ക്ഷാമം ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ കേരളത്തിലടക്കം ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും റിപ്പോർട്ടുകളുണ്ട്. ചിലർ ബോധപൂർവ്വം പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.
LPG




































