കണ്ണൂർ: കണ്ണൂരിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ടികെ ഗോവിന്ദനെതിരെ നടപടിക്ക് സിപിഎം. ടികെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകി. വിഷയം അവൈലബിൾ സെക്രട്ടേറിയറ്റ് പരിശോധിക്കും. തുടർന്നായിരിക്കും തീരുമാനം. കണ്ണൂർ സിപിഎമ്മിലെ കടുത്ത ഭിന്നത പരസ്യമാക്കിയാണ് മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി ബന്ധം ഉപേക്ഷിച്ചത്. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമാണ് വർഷങ്ങളായി മേഖലയിലെ പാർട്ടിയുടെ മുഖമായിരുന്ന നേതാവിന്റെ പുറത്തുപോക്കിൽ കലാശിച്ചത്.
ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
CPM to expel TK Govindan from party for taking action

































