കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ സഹപാഠികളെത്തി. നിതിനും വിദ്യാർത്ഥികളും പറഞ്ഞതെല്ലാം സത്യമാണെന്നും അധ്യാപകന്‍ ഡോ. എം.കെ റാം നിതിനെ മനപൂര്‍വം ഉപദ്രവിച്ചിരുന്നെന്നും സഹപാഠികള്‍ പറഞ്ഞു.
'അവനെ നന്നായിട്ട് ഉപദ്രവിക്കുമായിരുന്നു. അവനെ ടാര്‍ഗറ്റ് ചെയ്തിരുന്നു. സാര്‍ അല്ല അയാൾ ഒരു മൃഗമാണ്. ഇഷ്ടമല്ലാത്തവരുടെ അറ്റന്‍ഡന്‍സ് കളയും. അതാണ് എല്ലാവരുടെയും പേടി. അറ്റന്‍ഡന്‍സ് ഇല്ലെങ്കില്‍ പരീക്ഷ എഴുതാന്‍ പറ്റില്ല. വിദ്യാര്‍ഥികളെ സാര്‍ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്. ഫാറ്റി ഗേള്‍ എന്ന് വിളിക്കും. നിറം കുറവാണെങ്കില്‍ കറുത്തിട്ടാണ് എന്ന് പറയും. എപ്പോഴും അധിക്ഷേപിച്ചാണ് സംസാരിക്കുന്നത്. ക്ലാസില്‍ പഠിപ്പിക്കാറില്ല. മതപരമായ കാര്യങ്ങളും ബോഡി ഷെയിമിങ്ങുമാണ് പറയാറ്. ഒരു മണിക്കൂറില്‍ 55 മിനിറ്റും ഇതാണ് പറയാറ്. നിതിനെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. മീറ്റിങ്ങിന് രക്ഷിതാക്കള്‍ വരാത്തത് എന്താണെന്ന് ക്ലാസില്‍ വെച്ച് സര്‍ ചോദിച്ചിട്ടുണ്ട്. അമ്മയ്ക്ക് സര്‍ജറി കഴിഞ്ഞ് വയ്യ എന്ന് നിതിന്‍ പറഞ്ഞു. കാലിന് കാലിന് കുഴപ്പമൊന്നും ഇല്ലല്ലോ, പിന്നെന്താ വന്നാല്‍ എന്ന് ചോദിച്ചു. അങ്ങനെ പലതും പറഞ്ഞു.
ക്ലാസില്‍ ഒരാളെ വേറെ കുട്ടിയെ കൊണ്ട് അടിപ്പിക്കും. അടിച്ചത് ശരിയായില്ലെങ്കില്‍ നീ ട്രാന്‍സ്‌ജെന്‍ഡറാണോ, ഗേ ആണോ എന്ന് ചോദിക്കും. ഞങ്ങള്‍ പേടിച്ചിട്ടാണ് പരാതി നല്‍കാത്തത്. സര്‍ പരീക്ഷ എഴുതിക്കില്ല. അഞ്ചര വര്‍ഷത്തെ കോഴ്‌സ് പത്തും 12ഉം വര്‍ഷം ഇരിക്കേണ്ടിവരും. അത് ഭയന്ന് ആരും ഒന്നും ചെയ്യാറില്ല. കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഷന്‍ കിട്ടിയ കാര്യം സാര്‍ തന്നെ ക്ലാസില്‍ പറയും. അതിനേക്കാള്‍ ഊര്‍ജത്തില്‍ ക്ലാസില്‍ വരുമെന്ന് പറയും. നിങ്ങള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോ. ഞാന്‍ ഒരാളെ കൊന്നിട്ടുണ്ട് എന്ന് ക്ലാസില്‍ സാര്‍ പറഞ്ഞിട്ടുണ്ട്. നിതിന്‍ പറഞ്ഞതെല്ലാം സത്യമാണ്. ഇത് പറഞ്ഞുകഴിഞ്ഞാല്‍ എന്റെ ജീവിതം എന്താകുമെന്ന് പോലും അറിയില്ല. നിതിന്റെ മരണത്തിന് ശേഷം ഉറങ്ങാന്‍ പോലും കഴിയുന്നില്ല. അതുകൊണ്ടാണ് എല്ലാം തുറന്നുപറയുന്നത്' -സഹപാഠിയായ വിദ്യാര്‍ഥിനി പറഞ്ഞു.
nithin raj's death
































