കണ്ണൂർ: നികുതി കാലാവധി അവസാനിച്ചതിനെ തുടർന്ന് ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് ആർ.ടി.ഒ.യിൽ ജി-ഫോം സമർപ്പിച്ചു. 30-ന് നികുതി കാലാവധി തീർന്നതോടെയാണ് ബസ് ഉടമകൾ സർവീസ് അവസാനിപ്പിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ സ്ത്രീകൾക്കായുള്ള 'പ്രിയദർശിനി' സൗജന്യയാത്രയും ഡീസൽ വിലവർധനയുമാണ് സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കിയതെന്ന് ഉടമകൾ പറയുന്നു. വരുമാനമില്ലാത്ത കൂടുതൽ സർവീസുകൾ വരുംദിവസങ്ങളിൽ നിർത്തേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സാമ്പത്തിക നഷ്ടത്തെ തുടർന്ന് നിശ്ചിത കാലത്തേക്ക് സർവീസ് നിർത്തുമ്പോഴാണ് റോഡ് നികുതി ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് മുമ്പാകെ ജി-ഫോം നൽകുന്നത്. യാത്രക്കാരുടെ കുറവ്, ടിക്കറ്റ് വരുമാനത്തിലെ ഇടിവ്, കെ.എസ്.ആർ.ടി.സി.യുടെ സൗജന്യയാത്ര, ഡീസൽ വിലക്കയറ്റം എന്നിവമൂലം സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. നിലവിൽ 800-900 ബസുകൾ മാത്രമാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. പത്ത് വർഷം മുൻപ് 2200 ബസുകൾ ഓടിയിരുന്ന സ്ഥാനത്താണിത്. "സ്വകാര്യ ബസ് മേഖല വംശനാശം നേരിടുന്ന വിഭാഗമായി മാറുകയാണ്" -ഉടമകൾ പറഞ്ഞു.
Content Highlight: 40 private buses have stopped operations in Kannur district; bus owners say the crisis is severe.






























.png)






