മുസ്ലിം യൂത്ത് ലീഗ് ബദരിയ്യ നഗർ & കരിമ്പം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ' കാവൽ ' ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിലും വിദ്യാർത്ഥികളിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മുസ്ലിം യൂത്ത് ലീഗ് ബദരിയ്യ നഗർ ശാഖ പ്രസിഡന്റ് KS ഉമ്മറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ബദരിയ്യ നഗർ വാർഡ് കൗൺസിലർ മുഹമ്മദ് റഫീഖ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സമൂഹത്തിന്റെ സമാധാനത്തിനും കുടുംബങ്ങളുടെ സുരക്ഷിതത്വത്തിനും യുവതലമുറയുടെ ഭാവിക്കും ലഹരിമുക്ത സമൂഹം അനിവാര്യമാണെന്നും, ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും,കുടുംബവും,ചെറുപ്പക്കാരും,സാമൂഹിക സംഘടനകളും കൈകോർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മുഖ്യാതിഥിയായ മഹല്ല് ഖത്തീബ് ഉസ്താദ് ഇസ്ഹാഖ് ദാരിമി ആശംസ പ്രസംഗത്തിൽ പറഞ്ഞു.
തുടർന്ന് മൊയ്തു പാറമ്മൽ(ടീച്ചർ,ലൈഫ് കോച്ച്) ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തിജീവിതത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ ബോധവത്കരണ ക്ലാസ് അവതരിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങൾ, നിയമപരമായ നടപടികൾ, രക്ഷിതാക്കളും,നാട്ടുകാരും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് മുസ്‌ലിം യൂത്ത് ലീഗ് ബദരിയ്യ നഗർ ശാഖ പ്രസിഡന്റ് KS ഉമ്മർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ സമൂഹത്തെ ഒന്നിപ്പിക്കാനും യുവതലമുറയെ സംരക്ഷിക്കാനുമുള്ള പ്രതിജ്ഞയിൽ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളും പങ്കുചേർന്നു.
ചടങ്ങിൽ മഹല്ല് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹാജി , മുസ്‌ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ് കെ.മുഹമ്മദ് അഷ്‌റഫ് ,മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി പി.ഇർഫാൻ എന്നിവർ സന്നിഹിതരായി. മുസ്ലിം യൂത്ത് ലീഗ് ബദരിയ്യ നഗർ ശാഖ സെക്രട്ടറി ശംസുദ്ധീൻ സ്വാഗതവും മുസ്ലിം യൂത്ത് ലീഗ് കരിമ്പം ശാഖ പ്രസിഡന്റ് ശാക്കിർ നന്ദിയും പറഞ്ഞു.ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ബദരിയ്യ നഗർ & കരിമ്പം ശാഖ കമ്മിറ്റി അറിയിച്ചു.
Content Highlight: As part of the 'Kaval' anti-drug campaign, an anti-drug vigilance committee was formed, and an awareness class was organized.



































