തളിപ്പറമ്പ്: നിരാലംബരും രോഗബാധിതരുമായ നൂറുകണക്കിന് മനുഷ്യർക്ക് പ്രത്യാശയുടെ തണലേകുന്ന പരിയാരം സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
തനിക്ക് തളിപ്പറമ്പ് മണ്ഡലത്തിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ശേഷം നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ അദ്ദേഹം, സി.എച്ച് സെന്ററിന്റെ സന്നദ്ധപ്രവർത്തകർ നടത്തുന്ന തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളെയും സമർപ്പണത്തെയും മുക്തകണ്ഠം പ്രശംസിച്ചു. വേദനിക്കുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ അഹോരാത്രം പ്രയത്നിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ സമൂഹത്തിന്റെ വലിയൊരു കരുത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച സി.എച്ച് സെന്റർ പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ്, മെഡിക്കൽ രംഗത്തും പൊതുരംഗത്തും മികച്ച സേവനം കാഴ്ചവെച്ച വിശിഷ്ട വ്യക്തിത്വങ്ങളെ സ്വാഗതം ചെയ്യുകയും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. സുദീപ് സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങളെയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെയും പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് മഹാമാരിയുടെ കഠിനമായ കാലഘട്ടത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച കോവിഡ് ആശുപത്രികളിൽ ഒന്നാക്കി മാറ്റാൻ ഡോ. സുദീപിന്റെ നേതൃത്വത്തിന് സാധിച്ചിരുന്നു. വെറും രണ്ട് വെന്റിലേറ്ററുകളും 3 ഐ.സി.യു ബെഡുകളുമായി ആരംഭിച്ച കോവിഡ് ചികിത്സാ വിഭാഗം, ചുരുങ്ങിയ കാലം കൊണ്ട് 60 വെന്റിലേറ്ററുകളും 200 ഐ.സി.യു ബെഡുകളും 300 വാർഡ് ബെഡുകളുമായി ഘട്ടം ഘട്ടമായി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന ഒൻപതിനായിരത്തോളം കോവിഡ് രോഗികൾക്കാണ് അന്ന് പരിയാരത്ത് ജീവൻ രക്ഷാ ചികിത്സ ഉറപ്പാക്കിയത്.
ആ കരിനിഴലിന്റെ കാലത്തും രോഗികൾക്ക് സാന്ത്വനവുമായി സി.എച്ച് സെന്റർ പോലുള്ള കാരുണ്യ പ്രസ്ഥാനങ്ങളെ അദ്ദേഹം കൂട്ടിപ്പിടിച്ചിരുന്നു. ഏതു രോഗിയുടെ ആവശ്യം മുൻനിർത്തി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആര് ഫോൺ വിളിച്ചാലും നൊടിയിടയിൽ ഡോ. സുദീപ് ആവശ്യമായ എല്ലാ കാര്യങ്ങളും സജ്ജമാക്കി നൽകിയിരുന്നുവെന്ന് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി തന്റെ സ്വാഗത ഭാഷണത്തിൽ കൃതജ്ഞതയോടെ ഓർമ്മിപ്പിച്ചു.
പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സി.എച്ച് സെന്റർ നൽകിവരുന്ന സൗജന്യ ഭക്ഷണ വിതരണം, മരുന്ന് സഹായം, മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റം എന്നിവയ്ക്ക് പുറമെ സാന്ത്വന പരിചരണ രംഗത്ത് വലിയൊരു ചുവടുവെപ്പായ റിഹാബിലിറ്റേഷൻ സെന്ററിന്റെ (പുനരധിവാസ കേന്ദ്രം) സേവനങ്ങളെക്കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു. കിടപ്പിലായ രോഗികൾക്ക് ആവശ്യമായ ശാരീരിക-മാനസിക പിന്തുണയും ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള തുടർചികിത്സകളും നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സി.എച്ച് സെന്റർ നടത്തുന്ന പ്രവർത്തനങ്ങൾ ചടങ്ങിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു.
ചടങ്ങിൽ സി.എച്ച് സെന്റർ സെക്രട്ടറി മഹമ്മൂദ് അള്ളാംകുളം ആശംസകൾ നേർന്നു സംസാരിച്ചു.ഗവർണിംഗ് ബോർഡ് മെമ്പർമാരായ എ പി ബദുറുദ്ദീൻ, സിറാജ് മന്ന,പി.വി അബ്ദുൾ ഷുക്കൂർ, അസൈനാർ മാനേജർ, നജ്മുദ്ദീൻ പിലാത്തറ, ഉമർ അരിപ്രാമ്പ്ര, ബുഷറ സക്കറിയ,സക്കിയ മുക്കൂര് എന്നിവരും വാർഡ് പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. സി.എച്ച് സെന്റർ സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ നന്ദി രേഖപ്പെടുത്തി.
Content Highlight: a heartfelt tribute to MLA T.K. Govindan Master and Dr. Sudeep.





































